കര്‍ഷക പ്രതിഷേധം; കൊല്ലപ്പെട്ട ശുഭ് കരണ്‍ സിങ്ങിന്റെ മരണകാരണം മെറ്റല്‍ പെല്ലറ്റുകളെന്ന് റിപ്പോര്‍ട്ട്
കര്‍ഷക പൊലീസ് ഏറ്റുമുട്ടലില്‍ ഹരിയാനയില്‍ കഴിഞ്ഞാഴ്ച കൊല്ലപ്പെട്ട കര്‍ഷകനായ ശുഭ് കരണ്‍ സിങ് പ്രതിഷേധത്തിനിടയില്‍ മരിച്ചത് മെറ്റല്‍ പില്ലറ്റുകള്‍ തറച്ചെന്ന് റിപ്പോര്‍ട്ട്. 21 കാരനായ ശുഭ് കരണ്‍ സിംഗിന്റെ തലയോട്ടിയോട് ചേര്‍ന്നുള്ള കഴുത്തിന്റെ ഭാഗത്ത് നിരവധി മെറ്റല്‍ പില്ലറ്റുകള്‍ സി ടി സ്‌കാനില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയതെന്ന് ഡോക്ടര്‍ അറിയിച്ചു.
യുവാവിന്റെ ശരീരത്തില്‍ മറ്റു മുറിവുകള്‍ ഒന്നും ഇല്ല. തലയുടെ പിന്‍ഭാഗത്ത് മെറ്റല്‍ പെല്ലറ്റുകള്‍ തുളച്ചു കയറിയ മുറിവുകള്‍ കണ്ടെത്തിയതായി പട്യാല ആശുപത്രിയിലെ അധികൃതര്‍ പറയുന്നു. പൊലീസുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ നിരവധി കര്‍ഷകരുടെ ശരീരത്തിന്റെ മേല്‍ഭാഗത്ത് സമാനമായ മെറ്റല്‍ പെല്ലറ്റുകള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. കണ്ടെടുത്ത പെല്ലറ്റുകള്‍ പൊലീസിന് കൈമാറിയതായും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും മറ്റു കാര്യങ്ങള്‍ ഇപ്പോള്‍ വെളുപ്പെടുത്തുന്നില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വെടിയുതിര്‍ത്ത തോക്കിന്റെ സ്വഭാവം അറിയാന്‍ പെല്ലറ്റുകള്‍ ബാലിസ്റ്റിക് വിദഗ്ധര്‍ക്ക് അയച്ചേക്കുമെന്നും വിവരങ്ങള്‍ ഉണ്ട്.
എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്ന് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ പഞ്ചാബ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ യശ്പാല്‍ ശര്‍മ്മ പറഞ്ഞു. മരണപ്പെട്ട യുവാവിന്റെ കുടുംബം ആദ്യം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അധികാരികളെ അനുവദിച്ചിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. എല്ലാ വിളകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ എംഎസ്പി നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകര്‍ രണ്ടാഴ്ചയിലധികമായി പഞ്ചാബ്ഹരിയാന അതിര്‍ത്തികളില്‍ ക്യാമ്പ് ചെയ്യുകയാണ്.