സ്‌ഫോടനം നടന്ന രാമേശ്വരം കഫേയുടെ പരിസരത്തു കൂടെ ബാഗുമായി ഒരാള്‍ നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സ്‌ഫോടനത്തിന് മുമ്പ് ഇയാള്‍ ബാഗ് കഫേയ്ക്ക് സമീപം വച്ച് പുറത്തുപോയെന്നാണ് പൊലീസ് പറയുന്നത്. ഭക്ഷണം കഴിക്കാനെത്തിയ ആള്‍ ബാഗ് ഉപേക്ഷിച്ചു മടങ്ങുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നു ലഭിച്ചിട്ടുണ്ട്. ഇയാള്‍ പണമടച്ച് ടോക്കണ്‍ എടുക്കുന്നതും ഭക്ഷണം കഴിക്കാതെ പോകുന്ന ദൃശ്യങ്ങളും ലഭിച്ചു.
പ്രതിയെന്ന് കരുതുന്ന ആള്‍ക്കൊപ്പം ഉണ്ടായിരുന്ന ആളെ ബംഗളൂരു പൊലീസ് ചോദ്യം ചെയ്യുകയാണ്. ' ഉച്ചയ്ക്ക് ഒരു മണിക്കാണ് സ്‌ഫോടനം ഉണ്ടായത്. 30 വയസ്സു തോന്നിക്കുന്ന ആള്‍ കഫേയിലെത്തി റവ ഇഡലി വാങ്ങി. കൈവശമുണ്ടായിരുന്ന ബാഗ് കഫേയ്ക്ക് തൊട്ടടുത്ത ഒരു മരത്തിന് അടുത്തുവച്ചു. ഒരു മണിക്കൂറിന് ശേഷം സ്‌ഫോടനമുണ്ടായി, സംഭവ സ്ഥലം സന്ദര്‍ശിച്ച ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു.
മാസ്‌കും കണ്ണാടിയും തൊപ്പിയും പ്രതി ധരിച്ചതിനാല്‍ ഇയാളുടെ മുഖം വ്യക്തമല്ല. എന്നാല്‍ ഇഡലി പ്ലറ്റുമായി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50 നും ഒരു മണിക്കൂം ഇടയിലാണ് കഫേയില്‍ സ്‌ഫോടനം നടന്നത്. എന്‍ഐഎ സംഘം സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. സിബിഐയ്ക്കാണ് കേസ് അന്വേഷണത്തിന്റെ ചുമതല.