പ്രണയനൈരാശ്യത്തെ തുടര്‍ന്നോ പ്രണയത്തകര്‍ച്ചയെത്തുടര്‍ന്നോ ഒരാള്‍ ആത്മഹത്യ ചെയ്താല്‍ അത് പ്രേരണാക്കുറ്റത്തിന് കാരണമാകില്ലെന്ന് മുംബൈയിലെ ഒരു കോടതി. ഒരാളുടെ ഇഷ്ടത്തിന് അനുസരിച്ച് പങ്കാളിയെ മാറ്റുന്നത് ധാര്‍മ്മികമായി ശരിയല്ല. എന്നാല്‍ ബന്ധം നിരസിച്ചു എന്ന കാരണത്താല്‍ ഒരാളെ ശിക്ഷിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
2016ല്‍ നിതിന്‍ കേനി എന്ന യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നാലെ കാമുകിയായ മനീഷ ചുഡാസെമക്കെതിരെ കേസെടുത്തിരുന്നു. ആ കേസിലാണ് കോടതിയുടെ ഉത്തരവ്.
ധാര്‍മ്മികമായി, ഒരാളുടെ ഇഷ്ടത്തിന് അനുസരിച്ച് കമിതാക്കളെ മാറ്റുന്നത് തെറ്റാണ്. പക്ഷേ നിയമത്തിന്റെ കണ്ണില്‍ അത് കുറ്റകരമല്ല. ഇരയെ ആത്മഹത്യയിലേക്ക് നയിക്കുന്ന തരത്തിലുള്ള സജീവ നിര്‍ദ്ദേശമോ പ്രേരണയോ പ്രോത്സാഹനമോ ഉണ്ടാകണമെന്ന് ജഡ്ജി ഉത്തരവില്‍ പറഞ്ഞു.
'താന്‍ സ്‌നേഹിക്കുന്ന പങ്കാളി ഒരു കാരണവുമില്ലാതെ ബന്ധം വിച്ഛേദിച്ചാല്‍ ഒരു വ്യക്തി വൈകാരികമായി തകരും. ഒരു പ്രണയബന്ധത്തില്‍ കടുത്ത വിള്ളലുകള്‍ ഉണ്ടാകുകയും ഒരു പങ്കാളി മാനസിക ആഘാതം മൂലം ആത്മഹത്യ ചെയ്യുകയും ചെയ്താല്‍ അത് മറ്റെയാള്‍ക്കെതിരായ കേസായി പരിഗണിക്കില്ല'. ജഡ്ജി ചൂണ്ടിക്കാട്ടി.