ഇലക്ടറല്‍ ബോണ്ട് 2018 ല്‍ തുടങ്ങി, പുറത്ത് വിട്ടത് 2019 മുതലുളള വിവരങ്ങള്‍; 2500 കോടിയുടെ വിവരങ്ങളില്ല: കോണ്‍ഗ്രസ്

ഇലക്ടറല്‍ ബോണ്ട് 2018 ല്‍ തുടങ്ങി, പുറത്ത് വിട്ടത് 2019 മുതലുളള വിവരങ്ങള്‍; 2500 കോടിയുടെ വിവരങ്ങളില്ല: കോണ്‍ഗ്രസ്
ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്ത് വന്നതോടെ ബിജെപിക്കെതിരെ ആരോപണങ്ങളുന്നയിച്ചും പുറത്ത് വന്ന വിവരങ്ങള്‍ സംശയമുന്നയിച്ചും കോണ്‍ഗ്രസ്. 2018 മാര്‍ച്ച് മാസമാണ് എസ് ബി ഐ ഇലക്ടറല്‍ ബോണ്ട് തുടങ്ങിയത്. എന്നാല്‍ 2019 മുതലുളള വിവരങ്ങള്‍ മാത്രമാണ് പുറത്ത് വിട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. 2018 ലടക്കമുളള 2500 കോടിയോളം രൂപയുടെ വിവരങ്ങള്‍ പുറത്ത് വന്ന ലിസ്റ്റില്‍ ഇല്ലെന്ന് ജയറാം രമേശ് സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. ഇതില്‍ 95 ശതമാനം ബോണ്ടും ബിജെപി പിടിച്ചെടുത്തതാണ്. ആരെയാണ് ബിജെപി സംരക്ഷിക്കുന്നതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. ബോണ്ടുകളുടെ ഐഡി വിവരങ്ങളും പുറത്തുവിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഇലക്ടറല്‍ ബോണ്ടില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ബിജെപിയുടെ അഴിമതി തന്ത്രങ്ങള്‍ വെളിപ്പെട്ടുവെന്ന് ജയ്‌റാം രമേശ് ആരോപിച്ചു. ചില കമ്പനികള്‍ക്ക് ചില പദ്ധതികള്‍ക്കുവേണ്ടിയുളള സര്‍ക്കാര്‍ അനുമതി ലഭിച്ച സമയത്താണ് കോടികള്‍ സംഭാവന നല്‍കിയത്. അതായത് സര്‍ക്കാര്‍ അനുമതി ലഭിച്ചതിന്റെ പാരിദോഷികമായി പണം നല്‍കി. റെയ്ഡ് നടത്തി ചിലരില്‍ നിന്ന് ഹഫ്ത പിരിച്ചു. കള്ളപ്പണം വെളുപ്പിക്കലും ബോണ്ടിലൂടെ നടന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

47.5% ഇലക്ടല്‍ ബോണ്ടുകളും ബിജെപിയാണ് സ്വന്തമാക്കിയത്. 6060 കോടി രൂപയാണ് ബിജെപിക്ക് 2019 മുതല്‍ 2024 വരെ സംഭാവനയായി കിട്ടിയത്. അന്വേഷണം നേരിടുന്ന കമ്പനികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയതിലും വിവാദം കൊഴുക്കുന്നുണ്ട്. സാന്റിയാഗോ മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിമിങ് ആന്റ് ഹോട്ടല്‍സ് 1368 കോടിയാണ് ബോണ്ട് ഉപയോഗിച്ച് സംഭാവന നല്‍കിയത്. പുറത്ത് വന്ന വിവരമനുസരിച്ച് ഏറ്റവും കൂടുതല്‍ ബോണ്ട് വാങ്ങിയത് ഈ കമ്പനിയാണ്. റിലയന്‍സ് അദാനി അടക്കമുളള വമ്പന്‍ കമ്പനികള്‍ ലിസ്റ്റിലില്ലെന്നതും ശ്രദ്ധേയമാണ്.

Other News in this category



4malayalees Recommends