തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഡോ. പ്രിയങ്ക മൗര്യയെന്ന ബിജെപി നേതാവ് തന്റെ 'എക്സ്' അക്കൗണ്ടിലൂടെ ചോദ്യവുമായി വന്നു. '2024 ലോക് സഭ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രി പദത്തിലേക്ക് ജനങ്ങള്‍ തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നത് ആരെയാണ്?'. പോള്‍ അടിസ്ഥാനത്തിലാണ് പോസ്റ്റ്. നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി എന്നിങ്ങനെയാണ് ചോദ്യത്തിന് രണ്ട് പോള്‍ ഓപ്ഷനുകള്‍ മാത്രമാണ് ഉള്ളത്.
എന്നാല്‍ പ്രിയങ്ക മൗര്യയെന്ന ബിജെപി നേതാവിന്റെ ആഗ്രഹത്തിന് വിപരീതമായി ഏറ്റവു കൂടുതല്‍ ആളുകള്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേരാണ്. 282,498 പേര് ഈ ചോദ്യത്തോട് പ്രതികരിച്ചപ്പോള്‍ 61.4 ശതമാനം പേരും പ്രധാനമന്ത്രി സ്ഥാനത്ത് കാണാന്‍ ആഗ്രഹിക്കുന്നത് രാഹുല്‍ ഗാന്ധിയെയാണ്. 38.6 ശതമാനം ആളുകള്‍ മാത്രമാണ് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്നവര്‍.
സോഷ്യല്‍ മീഡിയയിലെ വിവിധ പ്ലാറ്റ്ഫോമുകളിലായി രണ്ടര ലക്ഷം ഫോളോവേഴ്സ് ആണ് പ്രിയങ്ക മൗര്യയ്ക്കുള്ളത്. എക്സ് അക്കൗണ്ടില്‍ അധികവും ബിജെപിയെ പിന്താങ്ങുന്ന തരത്തിലുള്ള പോസ്റ്റുകളാണുള്ളത്. നരേന്ദ്ര മോദിയുടെ ചിത്രവും ബിജെപിക്ക് വോട്ടു ചോദിച്ചു കൊണ്ടുള്ള പ്രചാരണവുമാണ് കൂടുതല്‍. ഡോ. പ്രിയങ്ക മൗര്യ എന്നതിനൊപ്പം ബ്രാക്കറ്റില്‍ 'മോദി കാ പരിവാര്‍' എന്ന് ചേര്‍ത്തിട്ടുമുണ്ട്. പ്രശസ്ത ബിജെപി നേതാവിന്റെ അക്കൗണ്ടിലൂടെ ആളുകള്‍ രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തപ്പോള്‍ അത് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ .