തമിഴ്‌നാട്ടില്‍ നിന്ന് ഭീകര പരിശീലനം നേടിയ ആളുകള്‍ ബംഗളൂരുവിലെത്തി സ്‌ഫോടനം നടത്തുന്നെന്ന പരാമര്‍ശം പിന്‍വലിച്ച് ശോഭ കരന്തലജെ ; കേരളത്തിനെ കുറിച്ചുള്ള പരാമര്‍ശം പിന്‍വലിച്ചില്ല
തമിഴ്‌നാട്ടില്‍ നിന്ന് ഭീകര പരിശീലനം നേടിയ ആളുകള്‍ ബംഗളൂരുവിലെത്തി സ്‌ഫോടനം നടത്തുന്നെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബംഗളൂരു നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലജെ. രാമേശ്വരം കഫെയിലെ സ്‌ഫോടനം നടത്തിയ ആളുകള്‍ കൃഷ്ണഗിരി കാടുകളില്‍ നിന്നാണ് ഭീകര പരിശീലനം നേടിയത് എന്ന് പറയാനാണ് താന്‍ ഉദ്ദേശിച്ചതെന്ന് ശോഭ കരന്തലജെ വിശദീകരിച്ചു. തമിഴ്‌നാട്ടുകാരെ മൊത്തത്തില്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയാണെന്നും ശോഭ പറയുന്നു. എന്നാല്‍, കേരളത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ശോഭ കരന്തലജെ പിന്‍വലിച്ചില്ല.
തമിഴ്‌നാട്ടുകാരെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് മാത്രമാണ് ശോഭ കരന്തലജെ മാപ്പ് പറഞ്ഞത്. കേരളത്തില്‍ നിന്ന് ആളുകള്‍ എത്തി കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നും ശോഭ അഭിപ്രായപ്പെട്ടിരുന്നു. പ്രതിഷേധം കടുത്തതോടെയാണ് തമിഴ്‌നാടിനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ ശോഭ മാപ്പ് പറഞ്ഞത്. ശോഭയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ശോഭ കരന്തലജെയുടെ വിവാദ പരാമര്‍ശം ബിജെപിക്കെതിരെ ആയുധമാക്കാന്‍ ഒരുങ്ങുകയായിരുന്നു ഡിഎംകെ. നടപടി എടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് ചെയുകയാണെന്ന് ഡിഎംകെ എംപി പി വില്‍സണ്‍ ചോദിച്ചു. എഐഎഡിഎംകെയും ശോഭക്കെതിരെ രംഗത്ത് വന്നതോടെ സംസ്ഥന ബിജെപി പ്രതിരോധത്തിലായി.
പരാമര്‍ശം ഇങ്ങനെ
ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് ശോഭ വിദ്വേഷ പരാമര്‍ശം നടത്തിയത്. തമിഴ് നാട്ടിലെ ആളുകള്‍ ബോംബ് ഉണ്ടാക്കാന്‍ പരിശീലനം നേടി ബംഗളൂരുവില്‍ എത്തി സ്‌ഫോടനങ്ങള്‍ നടത്തുന്നു എന്നാണ് ശോഭ കരന്തലജേ അഭിപ്രായപ്പെട്ടത്. കേരളത്തില്‍ നിന്ന് ആളുകള്‍ എത്തി കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നും ശോഭ അഭിപ്രായപ്പെട്ടു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിയമസഭയില്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങള്‍ വിളിക്കുന്നു എന്നും അവര്‍ ആരോപിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതിനെതിരെ ഒന്നും ചെയ്യുന്നില്ലെന്നും ബെംഗളൂരുവില്‍ ഹനുമാന്‍ ചാലിസ ചൊല്ലിയവര്‍ക്കെതിരെ ആക്രമണം നടന്നു എന്നും ശോഭ പറഞ്ഞു.