ഒരു വര്‍ഷത്തോളമായി നാട്ടുകാരെയടക്കം കബളിപ്പിച്ച് ആര്‍പിഎഫ് എസ്‌ഐയായി ആള്‍മാറാട്ടം നടത്തി വന്ന യുവതി അറസ്റ്റില്‍ ; യൂണിഫോമില്‍ വിവാഹ നിശ്ചയത്തിനെത്തിയതില്‍ വരന് തോന്നിയ സംശയം കുടുക്കി

ഒരു വര്‍ഷത്തോളമായി നാട്ടുകാരെയടക്കം കബളിപ്പിച്ച് ആര്‍പിഎഫ് എസ്‌ഐയായി ആള്‍മാറാട്ടം നടത്തി വന്ന യുവതി അറസ്റ്റില്‍ ; യൂണിഫോമില്‍ വിവാഹ നിശ്ചയത്തിനെത്തിയതില്‍ വരന് തോന്നിയ സംശയം കുടുക്കി
ആര്‍പിഎഫ് എസ്‌ഐയായി ആള്‍മാറാട്ടം നടത്തി വന്ന യുവതി അറസ്റ്റില്‍. ഒരു വര്‍ഷത്തോളമായി നാട്ടുകാരെയടക്കം കബളിപ്പിക്കുകയായിരുന്ന തെലങ്കാന നര്‍കേട്ട്പള്ളി സ്വദേശി ജഡല മാളവിക(25)യാണ് നല്‍ഗോണ്ട റെയില്‍വേ പോലീസിന്റെ പിടിയിലായത്.

സദാസമയവും എസ്‌ഐ യൂണിഫോമില്‍ കാണപ്പെട്ടിരുന്ന യുവതി വിവാഹനിശ്ചയ ദിനത്തിലും യൂണിഫോം ധരിച്ചെത്തിയതോടെയാണ് സംശയം ഉയര്‍ന്നത്. പ്രതിശ്രുത വരന് തോന്നിയ സംശയം കൂടുതല്‍ അന്വേഷണത്തിലേക്ക് നീങ്ങുകയും യുവതി ആര്‍പിഎഫ് ജീവനക്കാരിയല്ലെന്ന് തെളിയുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പോലീസ് തന്നെയാണ് യുവതിയെ പിടികൂടിയത്.

രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ മാളവിക 2018ല്‍ ആര്‍.പി.എഫിലേക്കുള്ള എസ്‌ഐ റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്തിരുന്നു. എഴുത്തുപരീക്ഷ പാസായെങ്കിലും മെഡിക്കല്‍ ടെസ്റ്റില്‍ ഇവര്‍ പരാജയപ്പെട്ടു. ഇതിനുപിന്നാലെയാണ് എസ്‌ഐയായി തിരഞ്ഞെടുക്കപ്പെട്ടെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതി ആളുകളെ കബളിപ്പിച്ച് തുടങ്ങിയത്.

സോഷ്യല്‍മീഡിയയിലും യൂണിഫോമിലെത്തി വീഡിയോകള്‍ പോസ്റ്റ് ചെയ്തതോടെ ഇവിടേയും ആരാധകര്‍ വര്‍ധിച്ചു. നാട്ടിലും സോഷ്യല്‍മീഡിയയിലും എല്ലാം സല്‍പ്പേര് ലഭിച്ചതോടെ യുവതിക്ക് ഉണ്ടായ അമിതാത്മവിശ്വാസമാണ് ഒടുവില്‍ സ്വന്തം കുഴി തോണ്ടിയത്.

മാളവിക ഇതിനിടെ നല്‍ഗോണ്ടയില്‍ ഒരു സ്വകാര്യസ്ഥാപനം സംഘടിപ്പിച്ച വനിതാദിന പരിപാടിയില്‍ മുഖ്യാതിഥിയായി എത്തി പ്രഭാഷണവും നടത്തിയിരുന്നു. അതേസമയം, മാര്‍ച്ച് ആദ്യവാരം നടന്ന ചടങ്ങില്‍ കാക്കി ധരിച്ചെത്തിയ പ്രതിശ്രുത വധുവിനെ കണ്ട് പ്രതിശ്രുത വരന് സംശയം തോന്നുകയായിരുന്നു.

ഐടി ഉദ്യോഗസ്ഥനായ ഇയാള്‍ മാളവികയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയും, ആര്‍പിഎഫ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ മാളവിക എസ്‌ഐ അല്ലെന്നും ഇവര്‍ക്ക് ഒരു ജോലിയും ഇല്ലെന്നും കണ്ടെത്തി. ഈ വിവരമറിഞ്ഞ പോലീസ് സംഘം യുവതിയെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നാട്ടില്‍ എസ്‌ഐയായി ആള്‍മാറാട്ടം നടത്തിയ മാളവിക ഇതിന്റെ പേരില്‍ പല ആനുകൂല്യങ്ങളും സ്വന്തമാക്കിയിരുന്നു. ക്ഷേത്രങ്ങളില്‍ ഉള്‍പ്പെടെ ഇവര്‍ക്ക് വിഐപി പരിഗണനാണ് യൂണിഫോം കാരണം ലഭിച്ചിരുന്നത്. ഇവര്‍ ഏതെങ്കിലും രീതിയിലുള്ള നിയമവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നകാര്യം അന്വേഷിക്കുകയാണ് ഇപ്പോള്‍ പോലീസ്.

Other News in this category



4malayalees Recommends