മോദിയുടെ വാട്‌സാപ്പ് സന്ദേശം പെരുമാറ്റ ചട്ടലംഘനം; 'വികസിത് ഭാരത് കത്ത്' തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍

മോദിയുടെ വാട്‌സാപ്പ് സന്ദേശം പെരുമാറ്റ ചട്ടലംഘനം; 'വികസിത് ഭാരത് കത്ത്' തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി വാട്‌സാപ്പുകളിലേക്ക് അയക്കുന്ന വികസിത് ഭാരത് സന്ദേശം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദി നടത്തുന്ന പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രധാനമന്ത്രി നേരിട്ട് വോട്ട് തേടുന്ന സന്ദേശമായിരുന്നു ഇലക്ട്രോണിക് മന്ത്രാലയം അയച്ചിരുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. സ്ഥാനാര്‍ത്ഥിയായിരിക്കെ മോദിയുടെ പേരില്‍ അയച്ച സന്ദേശം ചട്ടലംഘനമെന്നായിരുന്നു ടിഎംസിയുടെ വാദം. മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും എത്ര മൊബൈല്‍ നമ്പറുകളിലേക്ക് വാട്‌സപ്പ് സന്ദേശം അയച്ചുവെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ടിഎംസി ഐടി മന്ത്രാലയത്തെയും സമീപിച്ചിരുന്നു.

തനിക്ക് വാട്‌സാപ്പില്‍ ലഭിച്ചത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണെന്നും സര്‍ക്കാരിന് എങ്ങനെ തന്റെ നമ്പര്‍ ലഭിച്ചുവെന്ന് പറയണമെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കാര്‍ക്കും വിദേശത്തുള്ളവര്‍ക്കു പോലും സര്‍ക്കാരിന്റെ സന്ദേശമെത്തുന്നുണ്ടെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂരും ആരോപിച്ചിരുന്നു.

Other News in this category



4malayalees Recommends