കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ല, ഇപ്പോഴും പ്രവര്‍ത്തനക്ഷമം: ബിജെപി
കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്നും അറ്റാച്ച് ചെയ്തത് മാത്രമാണെന്നും വാദിച്ച് ബിജെപി. നികുതി അടക്കാതിരുന്നതിനുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്നും എന്നാല്‍ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളെന്നും ബിജെപി ദേശീയ വക്താവ് സമ്പിത് പത്ര പറഞ്ഞു. കോണ്‍ഗ്രസിന് നിരവധി ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഇതില്‍ മൂന്നോ നാലോ എണ്ണത്തിനെതിരെ മാത്രമാണ് നടപടി എടുത്തതെന്നും അത് തന്നെ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണെന്നും പറഞ്ഞു. മാധ്യമ വാര്‍ത്തകള്‍ പരാമര്‍ശിച്ചായിരുന്നു സമ്പിത് പത്രയുടെ പ്രതികരണം.
മരവിപ്പിച്ചെന്ന് കോണ്‍ഗ്രസ് പറയുന്ന ബാങ്ക് അക്കൗണ്ടുകളില്‍ ഇപ്പോഴും പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സാധിക്കും. എന്നാല്‍ നികുതി കുടിശികയെ തുടര്‍ന്ന് നികുതി വകുപ്പ് അറ്റാച്ച് ചെയ്ത 125 കോടി രൂപ പിന്‍വലിക്കാന്‍ കഴിയില്ലെന്നും സമ്പിത് പത്ര ചൂണ്ടിക്കാട്ടി. വിവിധ അക്കൗണ്ടുകളിലായി കോണ്‍ഗ്രസിന് ഇപ്പോഴും ആയിരം കോടി നിക്ഷേപമുണ്ട്. സ്വന്തം പാര്‍ടി ഭരണഘടന ലംഘിച്ച് വ്യത്യസ്ത പാന്‍ നമ്പറുകളിലായി നിരവധി ബാങ്ക് അക്കൗണ്ടുകള്‍ കോണ്‍ഗ്രസ് തുടങ്ങി. കോണ്‍ഗ്രസിന് 500 കോടിയുടെ സ്ഥിരനിക്ഷേപവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പോലും പാര്‍ട്ടിയുടെ പക്കല്‍ കാശില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. എല്ലാ ദിവസവും ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യാത്ര ചെയ്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി ഈ പ്രസ്താവന നടത്തുന്നതെന്നായിരുന്നു വിമര്‍ശനം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ കണ്ട് രാഹുല്‍ ഗാന്ധി മുന്‍കൂര്‍ ജാമ്യമെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതി നടത്താനായി പ്രവര്‍ത്തിക്കുന്നവരെ അഴിമതി തടയാന്‍ ശ്രമിക്കുന്നവര്‍ പിടികൂടുക തന്നെ ചെയ്യുമെന്ന് പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസിനെതിരായ കേന്ദ്ര ഏജന്‍സികളുടെ നടപടികളെ ന്യായീകരിച്ചു. ഇത്തരം വാദങ്ങള്‍ ഉപേക്ഷിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ വികസനത്തെ കുറിച്ചാണ് സംസാരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.