സിബിഐ എന്റെ വീട്ടില്‍ തെരച്ചില്‍ നടത്തുന്നു, ഞങ്ങള്‍ എതിര്‍ സ്ഥാനാര്‍ഥികളെ തിരയുന്നു'; ബിജെപിയെ പരിഹസിച്ച് മഹുവ മൊയ്ത്ര

സിബിഐ എന്റെ വീട്ടില്‍ തെരച്ചില്‍ നടത്തുന്നു, ഞങ്ങള്‍ എതിര്‍ സ്ഥാനാര്‍ഥികളെ തിരയുന്നു'; ബിജെപിയെ പരിഹസിച്ച് മഹുവ മൊയ്ത്ര
സിബിഐ റെയ്ഡിന് പിന്നാലെ ബിജെപിയെ പരിഹസിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. സിബിഐ എന്റെ വീട്ടിലും തിരഞ്ഞെടുപ്പ് ഓഫീസിലും തെരച്ചില്‍ നടത്തുമ്പോള്‍ ഞങ്ങള്‍, ഞങ്ങള്‍ക്കെതിരെയുള്ള ബിജെപി സ്ഥാനാര്‍ഥികളെ തിരയുകയാണ് എന്നായിരുന്നു മഹുവ മൊയ്ത്ര 'എക്‌സി'ല്‍ കുറിച്ചത്.

'സിബിഐ എന്റെ വീട്ടിലും തിരഞ്ഞെടുപ്പ് ഓഫീസിലും ഇന്ന് വന്നു. വളരെ മര്യാദയുള്ളവരായിരുന്നു. തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതേസമയം, ഞാനും സയോനി ഘോഷും ഇപ്പോഴും ഞങ്ങള്‍ക്കെതിരെയുള്ള ബിജെപി സ്ഥാനാര്‍ഥികളെ തിരയുകയാണ്' എന്നായിരുന്നു എക്‌സിലെ പോസ്റ്റ്. തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷയും യാദവ്പുരിലെ സ്ഥാനാര്‍ഥിയുമായ സയോനി ഘോഷിന്റെ കൂടെ ബൈനോക്കുലറിലൂടെ വീക്ഷിക്കുന്ന ചിത്രവും കുറുപ്പിനൊപ്പം മഹുവ പങ്കുവെച്ചിട്ടുണ്ട്.

ശനിയാഴ്ചയാണ് സിബിഐ സംഘം മഹുവയുടെ വീട്ടിലും വിവിധ ഓഫിസുകളിലും പരിശോധന നടത്തിയത്. ചോദ്യത്തിനു കോഴ വാങ്ങിയെന്ന കേസിലാണു പരിശോധന. മാതാപിതാക്കളുടെ അലിപ്പൂരിലെ അപ്പാര്‍ട്ട്‌മെന്റ്, കൃഷ്ണനഗറിലെ തിരഞ്ഞെടുപ്പ് പ്രചാരണ ഓഫിസ്, കരിമ്പൂരിലെ താമസസ്ഥലം ഓഫീസ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

വ്യാഴാഴ്ച ലോക്പാലിന്റെ നിര്‍ദേശപ്രകാരം മഹുവക്കെതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പരിശോധന. കേസിലെ പ്രാഥമിക കണ്ടെത്തലുകള്‍ അടുത്തിടെ ലോക്പാലിന് മുന്നില്‍ സിബിഐ സമര്‍പ്പിച്ചിരുന്നു. അതേസമയം എഫ്‌ഐആറിന്റെ പകര്‍പ്പ് കണ്ടിട്ടില്ലെന്നും സിബിഐ അവ അപ്ലോഡ് ചെയ്തിട്ടില്ലെന്നും മഹുവ പറഞ്ഞു.

'അഞ്ച് മണിക്കൂറോളം അവര്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്ത് ഇതെല്ലാം എന്താണ് അര്‍ഥമാക്കുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഓരോ തവണയും എനിക്കെതിരെ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ തനിക്ക് അനുകൂലമായ വോട്ടുകള്‍ ഉയരുകയേ ചെയ്യൂ'വെന്നും മഹുവ പറഞ്ഞു. കൃഷ്ണനഗറില്‍ നിന്നാണ് മഹുവ ഇത്തവണ വീണ്ടും ജനവിധി തേടുന്നത്.

Other News in this category



4malayalees Recommends