സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം നിലവില്‍ വരുന്നത് വരെ മിഡില്‍ ഈസ്റ്റില്‍ സമാധാനം പുലരില്ല: ഒമാന്‍
സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെയും ഐക്യരാഷ്ട്രസഭയില്‍ അതിന് പൂര്‍ണ അംഗത്വം നല്‍കുന്നതിലൂടെയും മാത്രമേ മിഡില്‍ ഈസ്റ്റ് മേഖലയില്‍ പതിറ്റാണ്ടുകളായി തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയൂവെന്ന് ഒമാന്‍ സുല്‍ത്താനേറ്റ്. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 10ാമത് അടിയന്തര പ്രത്യേക സമ്മേളനത്തിന് മുന്നോടിയായാണ് ഒമാന്‍ ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്.
പലസ്തീന്‍ രാജ്യത്തിന് ഐക്യരാഷ്ട്രസഭയില്‍ പൂര്‍ണ അംഗത്വം നല്‍കുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് ഒമാന്‍ പ്രതിനിധി തന്റെ പ്രസംഗത്തില്‍ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു. അത്തരമൊരു അഭ്യര്‍ത്ഥന നിരസിക്കുന്നത് മിഡില്‍ ഈസ്റ്റിലെയോ ലോകത്തിന്റെയോ സുരക്ഷയ്ക്കും സമാധാനത്തിനും ഗുണം ചെയ്യില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പലസ്തീന്‍ രാജ്യത്തിന് പൂര്‍ണ്ണമായ യുഎന്‍ അംഗത്വം നല്‍കാന്‍ വിസമ്മതിച്ച നടപടിയിലൂടെ പലസ്തീന്‍ വിഷയത്തില്‍ കാണിച്ച ഇരട്ടത്താപ്പ് രക്ഷാസമിതിയുടെ വിശ്വാസ്യതയെ നശിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.