അസദുദ്ദീന്‍ ഒവൈസിയുടെ വസതിക്കുനേരെ ആക്രമണം; ഇസ്രയേല്‍ അനുകൂല പോസ്റ്ററുകള്‍ പതിച്ചു

അസദുദ്ദീന്‍ ഒവൈസിയുടെ വസതിക്കുനേരെ ആക്രമണം; ഇസ്രയേല്‍ അനുകൂല പോസ്റ്ററുകള്‍ പതിച്ചു
എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ ഡല്‍ഹിയിലെ വസതിക്കുനേരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണം. വസതിയുടെ മുന്‍പിലെ 'നെയിം ബോര്‍ഡ്' കറുത്ത മഷിയൊഴിച്ച് നശിപ്പിച്ചു. നെയിം ബോര്‍ഡില്‍ ഇസ്രയേല്‍ അനുകൂല പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു. അര്‍ധരാത്രിയോടെയാണ് ആക്രമണം ഉണ്ടായത്.

പാര്‍ലമെന്റില്‍ ഒവൈസി എംപിയായി സത്യപ്രതിജ്ഞ ചെയ്തത് പലസ്തീന് ജയ് വിളിച്ചായിരുന്നു. ഇതിനെതിരെയാണ് സംഘത്തിന്റെ പ്രതിഷേധം. 'ഇസ്രയേലിനൊപ്പം' എന്നെഴുതിയിരിക്കുന്ന പോസ്റ്റര്‍ അക്രമിസംഘം ഒവൈസിയുടെ വസതിക്ക് പുറത്ത് പതിപ്പിക്കുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

തന്റെ വസതിക്ക് നേരെ കറുത്ത മഷി ഉപയോഗിച്ച കാര്യം ഒവൈസി തന്നെ സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവച്ചിരുന്നു.

'എന്റെ ഡല്‍ഹി വസതി ലക്ഷ്യം വച്ചുള്ള ഇത്തരം പ്രവൃത്തികളുടെ എണ്ണം എത്രയായി എന്നു തന്നെ അറിയില്ല. ഡല്‍ഹി പോലീസിന്റെ മൂക്കിന് താഴെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതിനെ കുറിച്ച് ചോദിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ നിസഹായത പ്രകടിപ്പിക്കുകയാണ്.' ഒവൈസി എക്‌സില്‍ കുറിച്ചു. കൂടാതെ അമിത് ഷായുടെ മേല്‍നോട്ടത്തിലാണ് ഇത് നടക്കുന്നതെന്നും എംപിമാരുടെ സുരക്ഷാ ഉറപ്പുതരുമോ ഇല്ലയോ എന്ന് സ്പീക്കര്‍ ഓം ബിര്‍ള പറയണമെന്നും ഒവൈസി കുറിപ്പില്‍ ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends