'നേരം വെളുത്തില്ലേ, എന്താണ് വൈകിയത്'; പൊലീസുകാരനോട് പൊതുസ്ഥലത്ത് കയര്‍ത്ത് മന്ത്രി പത്‌നി ; വീഡിയോയ്‌ക്കെതിരെ പ്രതിഷേധം

'നേരം വെളുത്തില്ലേ, എന്താണ് വൈകിയത്'; പൊലീസുകാരനോട് പൊതുസ്ഥലത്ത് കയര്‍ത്ത് മന്ത്രി പത്‌നി ; വീഡിയോയ്‌ക്കെതിരെ പ്രതിഷേധം
ജോലിക്കെത്തിയ പൊലീസുകാരനോട് മന്ത്രിയുടെ ഭാര്യ കയര്‍ത്തുസംസാരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ വെട്ടിലായിരിക്കുകയാണ് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. ഗതാഗതവകുപ്പ് മന്ത്രി മണ്ഡിപ്പള്ളി രാംപ്രസാദ് റെഡ്ഡിയുടെ ഭാര്യ ഹരിത റെഡ്ഡിയാണ് പൊതുനിരത്തില്‍ പൊലീസുകാരനോട് കയര്‍ത്തുസംസാരിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.

പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട പരിപാടിക്ക് പോകുകയായിരുന്നു മന്ത്രിപത്‌നി. യൂണിഫോമില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരനോട് കാറിനകത്തിരുന്നുകൊണ്ട് 'നിങ്ങള്‍ക്കിനിയും നേരം വെളുത്തില്ലേ, ആരാണ് നിങ്ങള്‍ക്ക് ശമ്പളം നല്‍കുന്നത്' എന്നൊക്കെ ഹരിത റെഡ്ഡി ചോദിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നത്. നിങ്ങള്‍ എന്തുകൊണ്ടാണ് വൈകിയത്, നിങ്ങള്‍ക്ക് ഇനിയും നേരം വെളുത്തില്ലേ. ഞാനിവിടെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് അരമണിക്കൂറായി. ആരാണ് നിങ്ങള്‍ക്ക് ശമ്പളം നല്‍കുന്നത്, സര്‍ക്കാരാണോ അതോ വൈഎസ്ആര്‍സിപിയാണോ? ഹരിത റെഡ്ഡി പൊലീസുകാരനോട് ചോദിക്കുന്നു.

കോണ്‍ഫറന്‍സ് ഉണ്ടായിരുന്നതിനാലാണ് വൈകിയതെന്ന് പൊലീസുകാരന്‍ മറുപടി നല്‍കുന്നത് വീഡിയോയില്‍ കാണാം. എന്ത് കോണ്‍ഫറന്‍സ് ആണെന്ന് ചോദിച്ച് ഹരിത അപ്പോള്‍ ദേഷ്യപ്പെടുന്നുണ്ട്. നിങ്ങള്‍ ജോലിക്ക് വന്നതാണോ അതോ കല്യാണം കൂടാന്‍ വന്നതാണോ എന്ന് ഹരിത പൊലീസുകാരനെ പരിഹസിക്കുന്നതും വീഡിയോയിലുണ്ട്.

വീഡിയോ വൈറലായതോടെ രൂക്ഷവിമര്‍ശനമാണ് സമൂഹത്തില്‍ നിന്ന് ഉയരുന്നത്. നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനമറിയിക്കുകയും ചെയ്യുന്നുണ്ട്. സംഭവം രാഷ്ട്രീയ ആയുധമാക്കി വൈഎസ്ആര്‍സിപിയും രംഗത്തെത്തി. മന്ത്രിയുടെ ഭാര്യയ്ക്ക് രാജകീയ മര്യാദ വേണമെന്ന് വൈഎസ്ആര്‍സിപി എക്‌സില്‍ പരിഹസിച്ചു.

Other News in this category



4malayalees Recommends