മരിച്ച കുട്ടിയെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചതിന് ബോലേ ബാബയ്‌ക്കെതിരെ മുന്‍പും കേസ്; ഹത്രസ് അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് മൂന്നംഗ സമിതി

മരിച്ച കുട്ടിയെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചതിന് ബോലേ ബാബയ്‌ക്കെതിരെ മുന്‍പും കേസ്; ഹത്രസ് അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് മൂന്നംഗ സമിതി
ഹത്രസ് അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സമിതി രൂപീകരിച്ച് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അലഹബാദ് റിട്ട ഹൈക്കോടതി ജസ്റ്റിസ്. ബ്രിജേഷ് കുമാര്‍ ശ്രീവാസ്തവയുടെ അധ്യക്ഷതയിലാണ് അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുള്ളത്.

വിരമിച്ച ഐഎഎസ് ഓഫീസര്‍ ഹേമന്ത് റാവുവും വിരമിച്ച ഐപിഎസ് ഓഫീസര്‍ ഭവേഷ് കുമാറും സമിതിയില്‍ അംഗങ്ങളായിരിക്കും. രണ്ട് മാസത്തിനകം യുപി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ആള്‍ക്കൂട്ട നിയന്ത്രണത്തിനായി ജില്ലാ ഭരണകൂടവും പൊലീസും നടത്തിയ ക്രമീകരണങ്ങളും ഉള്‍പ്പെടെ കേസിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കും. പ്രതിരോധ നടപടികളും നിര്‍ദേശിക്കും.

അതേസമയം 120 പേരുടെ മരണത്തിനിടയാക്കിയ സത്സംഗിന് നേതൃത്വം നല്‍കിയ ബോലേ ബാബ എന്ന് വിളിക്കുന്ന സൂരജ് പാലിനെ 2000ല്‍ മരിച്ച പെണ്‍കുട്ടിയെ ഉയര്‍ത്തെഴുനേല്‍പ്പിക്കാമെന്നു വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതിന് പൊലീസ് അറസ്റ്റു ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. തനിക്ക് അമാനുഷിക കഴിവുകളുണ്ടെന്നും മരിച്ച കുട്ടിയെ ജീവിപ്പിക്കാന്‍ കഴിയുമെന്നും അവകാശപ്പെട്ട ഇയാളും അനുയായികളും ശവസംസ്‌കാരത്തിനായി കൊണ്ടുപോയ പെണ്‍കുട്ടിയുടെ മൃതദേഹം തടഞ്ഞു. ഉയര്‍ത്തെഴുനേല്‍പ്പിക്കാമെന്ന് പറഞ്ഞ് മൃതദേഹം ശ്മശാനത്തിലെ പ്രത്യേക ഭാഗത്തേക്ക് മാറ്റി വെച്ചു. ആഗ്രയിലായിരുന്നു സംഭവം.

തുടര്‍ന്ന് പെണ്‍കുട്ടികളുടെ ബന്ധുക്കളില്‍ ചിലര്‍ എതിര്‍പ്പുയര്‍ത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. പിന്നാലെ ശവസംസ്‌കാരച്ചടങ്ങ് നിര്‍ത്തിവെപ്പിച്ചതിന് അന്ന് പോലീസ് കേസെടുത്തു. ഇയാള്‍ അന്ന് ആഗ്രയിലെ ഷാഹ്ഗഞ്ച് ഭാഗത്ത് കേദാര്‍ നഗറിലായിരുന്നു താമസം. സൂരജ് പാലും ആളുടെ ഭാര്യയും മറ്റു നാലുപേരുമുള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് അന്ന് ഷാഹ്ഗഞ്ച് പൊലീസ് കേസെടുത്തത്.

നിയമവിരുദ്ധമായ മന്ത്രവാദമുള്‍പ്പെടെ നടത്തിയതിനാണ് അന്ന് പൊലീസ് കേസെടുത്തത്.

Other News in this category



4malayalees Recommends