അവന്‍ എനിക്ക് മകനെപ്പോലെ, ഒരു അമ്മയും മകനെ ഇത്തരമൊരു സാഹചര്യത്തില്‍ കാണാന്‍ ഇഷ്ടപ്പെടില്ല; ദര്‍ശന്‍ തൂഗുദീപയുടെ അറസ്റ്റില്‍ പ്രതികരിച്ച് സുമലത

അവന്‍ എനിക്ക് മകനെപ്പോലെ, ഒരു അമ്മയും മകനെ ഇത്തരമൊരു സാഹചര്യത്തില്‍ കാണാന്‍ ഇഷ്ടപ്പെടില്ല; ദര്‍ശന്‍ തൂഗുദീപയുടെ അറസ്റ്റില്‍ പ്രതികരിച്ച് സുമലത
രേണുകസ്വാമി കൊലപാതക കേസില്‍ കന്നഡ താരം ദര്‍ശന്‍ തൂഗുദീപയുടെ അറസ്റ്റില്‍ പ്രതികരണവുമായി നടിയും രാഷ്ട്രീയക്കാരിയും ആയ സുമലത അംബരീഷ്. നടനുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു നീണ്ട കുറിപ്പ് പങ്കുവച്ച സുമലത ദര്‍ശന്‍ തനിക്ക് മകനെ പോലെയാണെന്നും കുറിപ്പില്‍ പറഞ്ഞു.

'എന്റെ കുടുംബവും ദര്‍ശന്റെ കുടുംബവും തമ്മിലുള്ള ബന്ധം നിങ്ങള്‍ക്ക് മനസ്സിലാകില്ല. അദ്ദേഹം ഒരു താരമാകുന്നതിന് മുമ്പ് തന്നെ എനിക്ക് അവനെ 25 വര്‍ഷമായി അറിയാം. എന്റെ കുടുംബത്തിലെ ഒരു അംഗത്തെപോലെയാണ് അവന്‍. ഒരു മകനെപ്പോലെയാണ്. എപ്പോഴും അംബരീഷിനെ തന്റെ പിതാവിന്റെ സ്ഥാനത്ത് അവന്‍ കണ്ടു. തന്റെ മകനെ അത്തരമൊരു സാഹചര്യത്തില്‍ കാണാന്‍ ഒരു അമ്മയും ഇഷ്ടപ്പെടില്ല'

കൊലപാതകം പോലൊരു കുറ്റം ദര്‍ശന്‍ ചെയ്യില്ലെന്നും സുമലത കൂട്ടിച്ചേര്‍ത്തു. 'സ്‌നേഹവും വിശാലഹൃദയവുമുള്ള ഒരു മനുഷ്യനായിട്ടാണ് ദര്‍ശനെ എനിക്കറിയുന്നത്. മൃഗങ്ങളോടുള്ള അവന്റെ അനുകമ്പയും ആവശ്യമുള്ളവരെ സഹായിക്കാനുള്ള സന്നദ്ധതയും അവന്റെ സ്വഭാവത്തിന്റെ ഭാഗമാണ്.

ദര്‍ശന്‍ അത്തരമൊരു കുറ്റകൃത്യം ചെയ്യുന്ന തരത്തിലുള്ള ആളല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു' എന്നും സുമലത പറഞ്ഞു. 'ദര്‍ശന്‍ ഇപ്പോഴും പ്രതിയാണ്; അവനെതിരെ ഒന്നും തെളിയിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല. ദര്‍ശന് നീതിയുക്തമായ വിചാരണ ലഭിക്കട്ടെ' എന്നും കുറിപ്പില്‍ പറയുന്നു.

രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ ദര്‍ശനും നടിയും സുഹൃത്തുമായ പവിത്ര ഗൗഡയും ഉള്‍പ്പെടെ 17 പേര്‍ പ്രതികളാണ്. നടന്റെ ആരാധകനായ 33 കാരനായ രേണുകസ്വാമി നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതാണ് ദര്‍ശനെ പ്രകോപിപ്പിച്ചതെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് കണ്ടെത്തല്‍.

Other News in this category



4malayalees Recommends