റീലിലൂടെ കണ്ടെത്തിയത് ഒരുവര്‍ഷം മുമ്പ് കാണാതായ അമ്മയെ; ഫോട്ടോഗ്രാഫര്‍ക്ക് നന്ദി പറഞ്ഞ് യുവാവ്

റീലിലൂടെ കണ്ടെത്തിയത് ഒരുവര്‍ഷം മുമ്പ് കാണാതായ അമ്മയെ; ഫോട്ടോഗ്രാഫര്‍ക്ക് നന്ദി പറഞ്ഞ് യുവാവ്
18 വര്‍ഷം മുന്‍പ് കാണാതായ സഹോദരനെ ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ കണ്ടെത്തിയ യുവതിയുടെ വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അത്തരത്തിലൊരു വാര്‍ത്തയാണ് മുംബൈയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത്. സാമൂഹമാധ്യമത്തില്‍ ഫോട്ടോഗ്രാഫര്‍ ശിവാജി ധൂതെ പോസ്റ്റുചെയ്ത റീലിലൂടെ 34കാരനായ മുംബൈ നിവാസിക്ക് തിരികെ കിട്ടിയത് സ്വന്തം അമ്മയെയാണ്. വീട്ടിലെ ചില പ്രശ്‌നങ്ങള്‍ കാരണം ഒരുവര്‍ഷം മുമ്പാണ് മുംബൈ നിവാസിയുടെ അമ്മ വീടുവിട്ടുപോയത്.

പൊലീസില്‍ പരാതി നല്‍കി മാസങ്ങളോളം അമ്മയ്ക്കുവേണ്ടിയുള്ള തിരച്ചിലിലായിരുന്നു ഇയാള്‍. ബന്ധുക്കളുടെ വീടുകളിലെല്ലാം തിരഞ്ഞിട്ടും അമ്മയെ കണ്ടെത്താനായില്ല. അതിനിടെ, കഴിഞ്ഞ ദിവസമാണ് സുഹൃത്ത് ഒരു വീഡിയോ അയച്ചുകൊടുത്തത്. ഈ റീലില്‍ കാണുന്നത് അമ്മയാണോ എന്നൊരു സംശയമുണ്ടെന്നും ശബ്ദം ഉള്‍പ്പെടെ അതുപോലെ ഉണ്ടെന്നും പറഞ്ഞുകൊണ്ടാണ് സുഹൃത്ത് വീഡിയോ അയച്ചത്. തുടര്‍ന്ന് സോളാപുരിലെ ഫോട്ടോഗ്രാഫര്‍ ശിവാജിയെ ബന്ധപ്പെട്ടപ്പോള്‍ പന്ഥാര്‍പുരില്‍നിന്നാണ് വീഡിയോയെടുത്തതെന്നടക്കമുള്ള വിവരങ്ങളും ലഭിച്ചു. പന്ഥാര്‍പുര്‍ ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് മഴക്കോട്ട് വില്‍ക്കുന്ന പത്തുവയസ്സുകാരനെക്കുറിച്ചുള്ളതായിരുന്നു ഈ റീല്‍.

ഒരു സ്ത്രീ ഈ കുട്ടിയില്‍ നിന്ന് മഴക്കോട്ടുവാങ്ങിയപ്പോള്‍ 200 രൂപകൊടുത്തു. എന്നാല്‍ ഈ ബാലന്റെ കൈയില്‍ ബാക്കിക്കൊടുക്കാന്‍ ചില്ലറയില്ലായിരുന്നു. തുടര്‍ന്ന്, അടുത്തിരുന്ന മറ്റൊരു സ്ത്രീയില്‍ നിന്ന് ചില്ലറവാങ്ങുന്നു. ചില്ലറകൊടുത്ത ആ സ്ത്രീയായിരുന്നു മുംബൈക്കാരന്റെ അമ്മ. വിവരമറിഞ്ഞ് ഉടന്‍ തന്നെ ഇയാള്‍ പന്ഥാര്‍പുരിലെത്തിയെങ്കിലും അവിടെ നടത്തിയ പരിശോധനയിലൊന്നും അമ്മയെ കണ്ടെത്താനായില്ല.

'ക്ഷേത്രത്തില്‍ നല്ല തിരക്കായിരുന്നു. പിന്നീട് പന്ഥാര്‍പുര്‍ ദര്‍ശനം നടത്തി. ശേഷം വീണ്ടും തിരച്ചില്‍ തുടങ്ങി. അമ്മയിരുന്ന സ്ഥലത്തുവന്ന് വീണ്ടും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ഒരു സ്ത്രീ നടന്നുവരുന്നു. സൂക്ഷിച്ചുനോക്കിയപ്പോള്‍ അത് എന്റെ അമ്മയായിരുന്നു', മുംബൈ നിവാസി കണ്ണുനിറഞ്ഞുകൊണ്ട് പറഞ്ഞു. ഒരു അമ്മയേയും മകനേയും ഒരുമിപ്പിക്കാന്‍ തന്റെ വീഡിയോ സഹായകമായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഫോട്ടോഗ്രാഫര്‍ ശിവാജി ധൂതെയും പറഞ്ഞു.

Other News in this category



4malayalees Recommends