ബഹ്‌റൈനിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമായി 11 പുതിയ സേവനങ്ങള്‍ വികസിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ദേശീയത, പാസ്‌പോര്‍ട്ട്, റസിഡന്‍സ് അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ ഖലീഫ അറിയിച്ചു.
24 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 500 സേവനങ്ങള്‍ വികസിപ്പിക്കാനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ സേവനങ്ങള്‍ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നടപടി ക്രമങ്ങള്‍ ലളിതമാക്കുക, പൂര്‍ണമായും ഇലക്ട്രോണിക് സേവനത്തിലേക്ക് മാറുക, സേവന നിലവാരം, കാര്യക്ഷമത, സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള സംഭാവന എന്നിവ മെച്ചപ്പെടുത്തുന്നതിനാലാണ് പുതിയ സംരംഭം ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്ത പാസ്‌പോര്‍ട്ടുകള്‍ക്ക് പകരം പാസ്‌പോര്‍ട്ട് നല്‍കല്‍, ബഹ്‌റൈനില പാസ്‌പോര്‍ട്ട് ഡെലിവറി, അടിയന്തര യാത്രാ രേഖകള്‍, വേഗത്തിലുള്ള പാസ്‌പോര്‍ട്ട് മാറ്റിസ്ഥാപിക്കല്‍, രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് പകരം പാസ്‌പോര്‍ട്ട് എന്നിവ പുതിയ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.