ബിജെപി കൈവിട്ടു, ഒറ്റയ്ക്കായി കങ്കണ; അഭിപ്രായം വ്യക്തിപരമെന്ന് പറഞ്ഞ് വിവാദത്തില്‍ നിന്ന് തലയൂരി

ബിജെപി കൈവിട്ടു, ഒറ്റയ്ക്കായി കങ്കണ; അഭിപ്രായം വ്യക്തിപരമെന്ന് പറഞ്ഞ് വിവാദത്തില്‍ നിന്ന് തലയൂരി
ബി.ജെ.പിയും തള്ളിയതോടെ കാര്‍ഷിക ബില്ലുകളില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ വ്യക്തിപരമായ നിലപാടെന്ന് വിശദീകരിച്ച് നടിയും എം.പിയുമായ കങ്കണ റണാവഠ്. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും തിരികെ കൊണ്ടുവരണമെന്ന നിലപാടിലാണ് കങ്കണ കുഴപ്പത്തിലായത്. സംഭവത്തില്‍ ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയാണ് കങ്കണയെ പരസ്യമായി തള്ളിപ്പറഞ്ഞത്.

ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ചുമതലപ്പെടുത്തിയ ആളല്ല കങ്കണയെന്നും അവര്‍ പറഞ്ഞ അഭിപ്രായം തീര്‍ത്തും വ്യക്തിപരമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തി വിമര്‍ശിച്ചു. പിന്നാലെയാണ് കങ്കണ സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ കാര്‍ഷിക ബില്ലുകളുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനകള്‍ തീര്‍ത്തും വ്യക്തിപരമാണെന്നും അത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ നിലപാടുമായി ബന്ധപ്പെട്ടതല്ലെന്നും കുറിപ്പിട്ടത്.

ഹിമാചല്‍ പ്രദേശിലെ മാണ്ടിയില്‍ ഇന്നലെ മാധ്യമപ്രവര്‍ത്തകരോടാണ് അവര്‍ വിവാദ വിഷയത്തിലെ അഭിപ്രായം പറഞ്ഞത്. തന്റെ പ്രസ്താവന വിവാദമാകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് സംസാരിക്കുന്നതെന്നും മൂന്ന് കാര്‍ഷിക നിയമങ്ങളും തിരികെ കൊണ്ടുവരണം എന്നാണ് തന്റെ നിലപാടെന്നും അവര്‍ പറഞ്ഞിരുന്നു. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യും, കര്‍ഷകര്‍ രാജ്യത്തിന്റെ വികസനത്തില്‍ വലിയ പങ്കാണ് വഹിക്കുന്നത്, കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്തത് ചില സംസ്ഥാനത്ത് നിന്നുള്ള ആളുകള്‍ മാത്രമാണ് തുടങ്ങിയ പരാമര്‍ശങ്ങളും അവര്‍ നടത്തിയിരുന്നു. കര്‍ഷക സമരം ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭത്തിന് സമാനമായ സ്ഥിതി ഇന്ത്യയിലുണ്ടാക്കാന്‍ വേണ്ടി സൃഷ്ടിച്ചതാണെന്നും അവര്‍ വിമര്‍ശിച്ചിരുന്നു.

Other News in this category



4malayalees Recommends