പ്രത്യുല്‍പാദന ശേഷി ഇല്ലാതാക്കുന്ന മരുന്നുകള്‍ പ്രസാദത്തില്‍', വ്യാജ പ്രസ്താവന നടത്തിയ സംവിധായകന്‍ അറസ്റ്റില്‍

പ്രത്യുല്‍പാദന ശേഷി ഇല്ലാതാക്കുന്ന മരുന്നുകള്‍ പ്രസാദത്തില്‍', വ്യാജ പ്രസ്താവന നടത്തിയ സംവിധായകന്‍ അറസ്റ്റില്‍
ദിണ്ടിഗലിലെ പഴനി ദണ്ഡയുതപാണി സ്വാമി ക്ഷേത്രത്തില്‍ നല്‍കുന്ന പ്രസാദത്തില്‍ പ്രത്യുല്‍പാദന ശേഷി ഇല്ലാതാക്കുന്ന മരുന്നുകള്‍ കലര്‍ത്തുന്നു എന്ന വ്യാജ പ്രസ്താവന നടത്തിയ സംവിധായകന്‍ അറസ്റ്റില്‍. തമിഴ് സിനിമാ സംവിധായകന്‍ മോഹന്‍ ജി യെയാണ് ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്.

ഒരു അഭിമുഖത്തിലാണ് സംവിധായകന്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. തിരുപ്പതി ക്ഷേത്ര ലഡുവില്‍ മൃഗക്കൊഴുപ്പുണ്ടെന്ന ആരോപണത്തെ പിന്തുണച്ചാണ് അഭിമുഖത്തില്‍ മോഹന്‍ ജി ആദ്യം സംസാരിക്കുന്നത്. തുടര്‍ന്ന് തമിഴ്നാട്ടില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

'മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യില്ല. പഴനി ദണ്ഡയുതപാണി ക്ഷേത്രത്തിലെ പഞ്ചാമൃതത്തില്‍ പുരുഷന്റെ പ്രത്യുല്‍പാദന ശേഷി ഇല്ലാതാക്കുന്ന ഗുളികകള്‍ കലര്‍ത്തുന്നുവെന്ന് എനിക്കറിയാം.

കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ പഞ്ചാമൃതം പൂര്‍ണമായും നശിപ്പിക്കുകയും വസ്തുതകള്‍ വളച്ചൊടിക്കുകയും ചെയ്യുകയാണ് ഉണ്ടായത്. ഇതേ കുറിച്ച് വാര്‍ത്തകള്‍ വരുന്നില്ലെന്നും അവര്‍ ഉറപ്പാക്കി,' സംവിധായകന്‍ അഭിമുഖത്തില്‍ പറഞ്ഞു. പ്രസ്താവന വിവാദമായതോടെയാണ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

'പഴയ വണ്ണാരപ്പേട്ടൈ', 'ദ്രൗപതി', 'രുദ്ര താണ്ഡവം', 'ബകാസുരന്‍' എന്നീ തമിഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്തതിലൂടെയാണ് മോഹന്‍ ശ്രദ്ധ നേടുന്നത്. ജാതീയതയെ പ്രകീര്‍ത്തിക്കുകയും ദളിത് വിരുദ്ധത പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങളെന്ന് നേരത്തെ തന്നെ വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്.

Other News in this category



4malayalees Recommends