ലക്ഷ്യം വൃത്തിയുള്ള ഭക്ഷണം !! ഭക്ഷണശാലകളില്‍ ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കണം, യുപിക്ക് പിന്നാലെ ഹിമാചലും

ലക്ഷ്യം വൃത്തിയുള്ള ഭക്ഷണം !!  ഭക്ഷണശാലകളില്‍ ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കണം, യുപിക്ക് പിന്നാലെ ഹിമാചലും
ഉത്തര്‍പ്രദേശിന് പിന്നാലെ ഭക്ഷണശാലകളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് ഹിമാചല്‍ പ്രദേശും. ഹിമാചലിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് യുപിയുടെ പാത പിന്തുടര്‍ന്ന് സംസ്ഥാനത്തും സമാന ചട്ടം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. യോഗത്തിന് ശേഷമാകും അന്തിമ തീരുമാനമുണ്ടാകുക.

ജനുവരി മുതലാകും ചട്ടം നടപ്പിലാക്കുക. തലസ്ഥാനമായ ഷിംലയില്‍ നിന്നാകും തുടക്കം. ഇതിനുള്ളില്‍ തിരിച്ചറിയല്‍ രേഖ നല്‍കുന്നതടക്കമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും.

ഉത്തര്‍പ്രദേശിന് സമാനമായി ശക്തമായ ചട്ടം കൊണ്ടുവരാന്‍ ഞങ്ങളും തീരുമാനിച്ചു - നഗരവികസന മന്ത്രി വിക്രമാദിത്യ സിങ് പറഞ്ഞു. വൃത്തിയുള്ള ഭക്ഷണം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. നഗരവികസന മന്ത്രാലയവും മുന്‍സിപ്പല്‍ കോര്‍പ്പറേഷനും ചേര്‍ന്നാണ് തീരുമാനം. ഉടമയുടേതിനൊപ്പം ജീവനക്കാരുടെ പേരുകളും പ്രദര്‍ശിപ്പിക്കണമെന്നാണ് വരാനിരിക്കുന്ന ചട്ടം

ഷഹറന്‍പൂരില്‍ റൊട്ടി ഉണ്ടാക്കിക്കൊണ്ടിരിക്കെ കൗമാരക്കാരന്‍ അതിലേക്ക് തുപ്പുന്ന വീഡിയോ സെപ്റ്റംബര്‍ 12 ന് വ്യാപകമായി പ്രചരിച്ചിരുന്നു. മൂത്രം കലര്‍ത്തി ജ്യൂസ് വില്‍പ്പന നടത്തിയതിന് ഒരാളെ ഗാസിയാബാദില്‍ അറസ്റ്റ് ചെയ്തിരുന്നു. ഭക്ഷണം വിളമ്പുന്നതിന് മുമ്പ് ജ്യൂസിലേക്ക് തുപ്പിയതിന് രണ്ട് പേരെ നോയിഡയില്‍ ജൂണില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഭക്ഷണശാലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരുകള്‍ തീരുമാനിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends