മകള്‍ സെക്‌സ് റാക്കറ്റിന്റെ പിടിയില്‍, പുറത്തുപറയാതിരിക്കാന്‍ പണം വേണമെന്ന് ഭീഷണി ; തട്ടിപ്പു കോള്‍ കേട്ട് ഞെട്ടിയ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

മകള്‍ സെക്‌സ് റാക്കറ്റിന്റെ പിടിയില്‍, പുറത്തുപറയാതിരിക്കാന്‍ പണം വേണമെന്ന് ഭീഷണി ; തട്ടിപ്പു കോള്‍ കേട്ട് ഞെട്ടിയ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു
തട്ടിപ്പു കോള്‍ ഒരമ്മയുടെ ജീവനെടുത്തിരിക്കുകയാണ്. മകളെ കുറിച്ച് വന്ന കോള്‍ കേട്ട് പരിഭ്രാന്തയായ അധ്യാപികയാണ് ഹൃദയാഘാതം വന്ന് മരിച്ചത്.

ആഗ്രയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയായ മാലതി വര്‍മയ്ക്ക് (58) വാട്‌സ്അപ്പില്‍ ഒരു കോള്‍ വന്നു. പോലീസ് ഉദ്യോഗസ്ഥന്റെ ഫോട്ടോ ആണ് തെളിഞ്ഞത്. കോളേജില്‍ പഠിക്കുന്ന മകള്‍ സെക്‌സ് റാക്കറ്റിന്റെ ഭാഗമാണെന്നും റെയ്ഡില്‍ പിടികൂടിയെന്നുമാണ് വിളിച്ചയാള്‍ പറഞ്ഞത്. താന്‍ പറയുന്ന അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപയിട്ടാല്‍ മകള്‍ സുരക്ഷിതയായി വീട്ടിലെത്തുമെന്ന് വിളിച്ചയാള്‍ പറഞ്ഞു. സംഭവം കേസാകാതിരിക്കാനും ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ എത്താതിരിക്കാനും മകള്‍ സെക്‌സ് റാക്കറ്റിന്റെ പിടിയിലായ കാര്യം പുറത്തറിയാതിരിക്കാനുമാണ് പണം നിക്ഷേപിക്കാന്‍ പറയുന്നതെന്നും വിളിച്ചയാള്‍ പറഞ്ഞു.

പരിഭ്രാന്തയായ അധ്യാപിക മകന്‍ ദിപാന്‍ഷുവിനെ വിളിച്ചു. വിളിച്ചയാളുടെ നമ്പര്‍ അയച്ചുതരാന്‍ മകന്‍ അമ്മയോട് പറഞ്ഞു. +92 ല്‍ തുടങ്ങുന്ന നമ്പര്‍ കണ്ടപ്പോഴേ ഇത് തട്ടിപ്പ് കോളാണെന്ന് മനസ്സിലാക്കിയ ദിപാന്‍ഷു, സഹോദരി പഠിക്കുന്ന കോളജില്‍ വിളിച്ച് അവള്‍ സുരക്ഷിതയാണെന്ന് ഉറപ്പുവരുത്തി. തട്ടിപ്പ് കോളാണെന്നും മകള്‍ സുരക്ഷിതയാണെന്നും ആശ്വസിപ്പിച്ചിട്ടും അമ്മ കോള്‍ വന്നതിന്റെ ഷോക്കിലായിരുന്നുവെന്ന് ദിപാന്‍ഷു പറയുന്നു.

സ്‌കൂളില്‍ നിന്ന് അമ്മ തിരികെ വന്നത് ക്ഷീണിതയായിട്ടാണെന്ന് മകന്‍ പറയുന്നു. കുടിക്കാന്‍ വെള്ളം വേണമെന്ന് പറഞ്ഞു. പിന്നാലെ ബോധരഹിതയായ അധ്യാപികയെ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. കുടുംബം പരാതി നല്‍കിയതെന്ന് അഡീഷണല്‍ പോലീസ് കമ്മീഷണര്‍ മായങ്ക് തിവാരി പറഞ്ഞു. അധ്യാപികയ്ക്ക് വന്ന കോളിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends