'അഞ്ച് പേര്‍ മരിക്കാന്‍ പോകുന്നു, താമസിയാതെ ഞാന്‍ കാണിച്ചുതരാം ; യുപി കുടുംബത്തെ കൂട്ടക്കൊല ചെയ്യും മുമ്പ് സോഷ്യല്‍മീഡിയയിലൂടെ പോസ്റ്റിട്ട് പ്രതി

'അഞ്ച് പേര്‍ മരിക്കാന്‍ പോകുന്നു, താമസിയാതെ ഞാന്‍ കാണിച്ചുതരാം ; യുപി കുടുംബത്തെ കൂട്ടക്കൊല ചെയ്യും മുമ്പ് സോഷ്യല്‍മീഡിയയിലൂടെ പോസ്റ്റിട്ട് പ്രതി
ഉത്തര്‍പ്രദേശിലെ നാലംഗ കുടുംബത്തിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആഴ്ചകളോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് പ്രതി കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതക ശേഷം ജീവനൊടുക്കാനും പ്രതി തീരുമാനിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

അമേഠി ഭവാനി നഗറിലായിരുന്നു വ്യാഴാഴ്ച ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. അധ്യാപകനായിരുന്ന സുനില്‍ കുമാര്‍, ഇയാളുടെ ഭാര്യ പൂനം ഭാരതി, ഇവരുടെ രണ്ട് പെണ്‍ മക്കള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി വെടിയുതിര്‍ക്കുകയായിരുന്നു. പ്രതിക്കെതിരെ പൂനം ഭവാനി പൊലീസില്‍ പരാതി നല്‍കിയതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ആശുപത്രിയിലേക്ക് പോവുകയായിരുന്ന തന്നെയും ഭര്‍ത്താവിനെയും ചന്ദന്‍ എന്നയാള്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചുവെന്നായിരുന്നു പരാതി. സംഭവ ശേഷം ചന്ദന്‍ ഇവരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയായിരുന്നു കൊലപാതകം. കൊലപാതക ശേഷം രക്ഷപ്പെട്ട ചന്ദനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് അന്വേഷണ സംഘം കണ്ടെത്തിയത്. 'അഞ്ച് പേര്‍ മരിക്കാന്‍ പോകുന്നു, താമസിയാതെ ഞാന്‍ കാണിച്ചുതരാം', എന്നായിരുന്നു കുറിപ്പ്. സെപ്റ്റംബര്‍ 12 മുതല്‍ ഇതായിരുന്നു ഇയാളുടെ വാട്സ്ആപ്പ് സ്റ്റാറ്റസെന്ന് പൊലീസ് പറയുന്നു.

ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ചന്ദന്‍ കൊലപാതകത്തിന് ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് മുമ്പ് ഇയാള്‍ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

Other News in this category



4malayalees Recommends