ഒമാനില്‍ ഒക്ടോബര്‍ 24 വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യത
ഒക്ടോബര്‍ 24 വരെ രാജ്യത്തുടനീളം പ്രതികൂല കാലാവസ്ഥയുണ്ടാകുമെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) മുന്നറിയിപ്പ് നല്‍കി. വിവിധ പ്രദേശങ്ങളില്‍ ഇടയ്ക്കിടെ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകും. അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് പ്രവചനമുണ്ട്. അല്‍ ഹജര്‍ പര്‍വതനിരകളില്‍ ഇടിമിന്നലോടെ ക്യുമുലോനിംബസ് മേഘങ്ങള്‍ രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം മുതല്‍ വികസിക്കുന്ന കാലാവസ്ഥാ പാറ്റേണുകള്‍ ആഴ്ച മുഴുവന്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. മേഘാവൃതമായ അവസ്ഥയും ചൊവ്വ മുതല്‍ വ്യാഴം വരെ ഇടയ്ക്കിടെയുള്ള മഴയും നിലനില്‍ക്കും. ഈ കാലയളവില്‍ ഇടിമിന്നലുകളും പ്രതീക്ഷിക്കുന്നു. ദേശീയ മള്‍ട്ടി ഹസാര്‍ഡ് എര്‍ലി വാണിങ് സെന്റര്‍ സ്ഥിതിഗതികള്‍ സജീവമായി നിരീക്ഷിച്ചുവരികയാണ്.