ബോംബ് ഭീഷണിയില്‍ കുടങ്ങി വിമാനക്കമ്പനികള്‍; 12 ദിവസത്തിനുള്ളില്‍ 275 ഭീഷണികള്‍, നഷ്ടം 1000 കോടിയോളം

ബോംബ് ഭീഷണിയില്‍ കുടങ്ങി വിമാനക്കമ്പനികള്‍; 12 ദിവസത്തിനുള്ളില്‍ 275 ഭീഷണികള്‍, നഷ്ടം 1000 കോടിയോളം
വിമാനങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന ബോംബ് ഭീഷണി സന്ദേശങ്ങളില്‍ നടപടികള്‍ കര്‍ശനമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ തടയാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് കേന്ദ്ര ഇലക്ട്രോണിക്സ് ഐടി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വ്യാജ ഭീഷണികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കമ്പനികള്‍ 72 മണിക്കൂറിനുള്ളില്‍ അന്വേഷണ സംഘത്തിന് കൈമാറണം എന്നാണ് നിര്‍ദേശം.

ഇല്ലെങ്കില്‍ ഐടി നിയമത്തിലെ 79-ാം വകുപ്പ് പ്രകാരമുള്ള സംരക്ഷണം ഉണ്ടാകില്ലെന്നും വിവരങ്ങള്‍ കൈമാറാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് ബാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. നിശ്ചിത സമയപരിധിക്കുള്ളില്‍ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണം. മെറ്റയും, എക്സും പോലുള്ള കമ്പനികള്‍ അന്വേഷണത്തോട് സഹകരിക്കണം.

രാജ്യസുരക്ഷ, സാമ്പത്തികസുരക്ഷ, ഐക്യം എന്നിവയ്ക്ക് ഭീഷണിയാവുന്ന വ്യാജ സന്ദേശങ്ങള്‍ നീക്കം ചെയ്യണം. ഇല്ലെങ്കില്‍ കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനിന്നതായി കണക്കാക്കും. വ്യാജസന്ദേശങ്ങള്‍ തടയുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണം. നിര്‍ണായക വിവരങ്ങള്‍ അന്വേഷണ ഏജന്‍സികളുമായി പങ്കിടുന്നതില്‍ എക്സ് വീഴ്ച വരുത്തരുത്.

തെറ്റായ വിവരങ്ങളിലേക്കുള്ള ആക്സസ് നീക്കം ചെയ്യണം. അത്തരം അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാക്കണം. ഇത്തരം കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം എന്നാണ് നിര്‍ദേശങ്ങള്‍. അതേസമയം, രാജ്യത്തെ വിവിധ വിമാനക്കമ്പനികള്‍ക്ക് 12 ദിവസം കൊണ്ട് 275ല്‍ അധികം വ്യാജ ഭീഷണികളാണ് ലഭിച്ചത്.

ഇതോടെ ഇതുവരെ ഒന്‍പത് ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കുള്ള നഷ്ടം 1000 കോടി രൂപയ്ക്കടുത്ത് ആയി. സര്‍വീസ് തടസപെടുമ്പോള്‍ ഓരോ വിമാന സര്‍വീസിനും മൂന്നര കോടിയുടെ നഷ്ടമാണ് ഉണ്ടാവുന്നത്. ഭൂരിഭാഗം വ്യാജ ഭീഷണികളും സോഷ്യല്‍ മീഡിയ വഴിയാണ്. അതില്‍ കൂടുതലും എക്സ് അക്കൗണ്ടുകളില്‍ നിന്നുമാണ്. ഇ-മെയില്‍ വഴിയും ടോയ്ലറ്റുകളില്‍ കത്തായും ഭീഷണികള്‍ എത്തിയിരുന്നു.

Other News in this category



4malayalees Recommends