ബോള്‍ട്ടന്‍: ഇന്ത്യാ മഹാരാജ്യം കണ്ട ഉരുക്കു വനിതയും ആദ്യ വനിതാ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു ഒ ഐ സി സി (യു കെ) മാഞ്ചസ്റ്റര്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ 'ഇന്ദിരാജി രക്തസാക്ഷിത്വ ദിന അനുസ്മരണം' സംഘടിപ്പിച്ചു. മാഞ്ചസ്റ്ററിലെ ബോള്‍ട്ടനില്‍ വൈകിട്ട് 5 മണിക്ക് സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ ഒ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റി - റീജിയണല്‍ കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുത്തു.
ഒ ഐ സി സി (യു കെ) നാഷണല്‍ നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റി വക്താവ് & മീഡിയ സെല്‍ റോമി കുര്യാക്കോസ്, നാഷണല്‍ കമ്മിറ്റി അംഗം ബേബി ലൂക്കോസ്, ബിന്ദു രാജു തുടങ്ങിയവര്‍ അനുസ്മരണ സന്ദേശങ്ങള്‍ നല്‍കി.
രാജ്യത്തെ ഏക വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി, ബാങ്കുകളുടെ ദേശസാല്‍ക്കരണം, ദാരിദ്ര നിര്‍മാര്‍ജ്ജനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പരിഷ്‌കരണങ്ങളിലൂടെ രാജ്യശ്രദ്ധയാകര്‍ഷിച്ച ഭരണാധികാരിയും ദേശസ്‌നേഹം നെഞ്ചിലേറ്റിയ മഹാവ്യക്തിത്വമായിരുന്നെന്നും അനുസ്മരണ യോഗം ഉദഘാടനം ചെയ്തുകൊണ്ട് ഷൈനു ക്ലെയര്‍ മാത്യൂസ് പറഞ്ഞു.
അനുസ്മരണ യോഗത്തിന് ശേഷം പ്രവര്‍ത്തകര്‍ ഇന്ദിരാ ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചു.