ബഹ്റൈനില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടാന്‍ പിജിയും 10 വര്‍ഷത്തെ പരിചയവും നിര്‍ബന്ധം
ബഹ്റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക് ഇനി ജോലി ലഭിക്കുക എളുപ്പമാവില്ല. രാജ്യത്തെ പൗരന്‍മാര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി തേടുന്ന പ്രവാസികള്‍ക്ക് കര്‍ശനമായ നിയമന മാനദണ്ഡം ഏര്‍പ്പെടുത്തുന്ന നിയമം ബഹ്‌റൈന്‍ പാര്‍ലമെന്റ് പാസാക്കി. ഇതുപ്രകാരം പ്രവാസികള്‍ക്ക് ബിരുദാനന്തര ബിരുദവും അതത് മേഖലകളില്‍ കുറഞ്ഞത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടെങ്കില്‍ മാത്രമേ പൊതുമേഖലാ ജോലിക്ക് പ്രവാസികളെ പരിഗണിക്കുകയുള്ളൂ. എന്നു മാത്രമല്ല, പ്രവാസി ജീവനക്കാര്‍ക്കുള്ള കരാറുകള്‍ രണ്ട് വര്‍ഷത്തേക്ക് മാത്രമേ പാടുള്ളൂ എന്നും പുതിയ നിയമം അനുശാസിക്കുന്നു. കരാര്‍ പുതുക്കണമെങ്കില്‍ സിവില്‍ സര്‍വീസ് ബ്യൂറോയുടെ അംഗീകാരം നേടണമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രവാസികളെ നിയമിക്കുന്നതിന് ഉയര്‍ന്ന യോഗ്യതകളും കരാര്‍ പരിധികളും നിശ്ചയിക്കുന്നതിലൂടെ, ബഹ്‌റൈനികള്‍ക്ക് സര്‍ക്കാര്‍ ജോലി അവസരങ്ങളില്‍ മുന്‍ഗണന ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് നിയമനിര്‍മ്മാണം ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ജോലികളില്‍ നിയമിക്കപ്പെടുന്ന പ്രവാസികള്‍ കരാര്‍ കാലാവധിയായ രണ്ട് വര്‍ഷത്തിനകം ഒരു സ്വദേശി ജീവനക്കാരെ തങ്ങള്‍ ചെയ്യുന്ന ജോലിയില്‍ പരിശീലനം നല്‍കി തൊഴില്‍ സജ്ജരാക്കണമെന്നും നിയമത്തില്‍ പറയുന്നു.