പ്രായപൂര്‍ത്തിയാകാത്ത മകനെ പീഡിപ്പിച്ച ബന്ധുവിനെ കൊലപ്പെടുത്തി പിതാവ്. തമിഴനാട്ടിലെ മധുരയിലാണ് സംഭവം. 9 വയസ്സുള്ള തന്റെ മകനെ പീഡിപ്പിച്ചെന്ന് ആരോപ്പിച്ചെത്തിയ പിതാവ് ബന്ധുവുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയും ഇത് പിന്നീട് ആക്രമണത്തിലേക്കും കൊലപാതകത്തിലേക്കും വഴിമാറുകയുമായിരുന്നു.
ആക്രമണം നടത്തിയെന്ന് അറിയിച്ച് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പിതാവിന്റെ മൊഴിക്ക് പിന്നാലെ സംഭവ സ്ഥലത്ത് എത്തിയ പൊലീസ് 28-കാരനായ ബന്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ രാജാജി ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
തിരുപ്പൂരില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന മരിച്ച വ്യക്തി ദീപാവലി അവധിക്കാണ് മധുരയില്‍ എത്തുന്നത്. ഇയാള്‍ മകനെ പീഡിപ്പിക്കുന്നത് കണ്ടുവന്ന പിതാവ് മകനെ വീട്ടില്‍ എത്തിച്ച ശേഷം തിരികെ എത്തി ഇയാളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. കൊലപാതകത്തിനോ അക്രമണത്തിനോ ഉദ്ദേശം ഇല്ലായിരുന്നെങ്കിലും വാക്കു തര്‍ക്കത്തിനിടയില്‍ മകനെ ഇനിയും പീഡിപ്പിക്കുമെന്ന് പറഞ്ഞതാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് പിതാവ് പറഞ്ഞു. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്.