ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലുള്ള മഹാറാണി ലക്ഷ്മിഭായ് മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടിത്തം. എന്‍ഐസിയു വാര്‍ഡില്‍ ഉണ്ടായ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു. 16 കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. 54 നവജാത ശിശുക്കളാണ് തീപിടിത്തം ഉണ്ടാകുമ്പോള്‍ വാര്‍ഡില്‍ ഉണ്ടായിരുന്നത്. ഇന്നലെ രാത്രി പത്തരയോടെയാണ് വാര്‍ഡില്‍ തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാരും മറ്റ് ഹോസ്പിറ്റല്‍ അധികൃതരും കൂടി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ശേഷം ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. ഇപ്പോഴും ആറ് ഫയര്‍ഫോഴ്സ് സംഘങ്ങള്‍ അവിടെ തുടരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
37 കുട്ടികളെ സുരക്ഷിതമായി മാറ്റിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. കനത്ത പുകയ്ക്കിടയില്‍ നിന്നും കുട്ടികളെ രക്ഷികുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം. അപകടം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഉന്നതതല അന്വേഷണവും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.