സയന്‍സ് അധ്യാപികയുടെ കസേരയ്ക്ക് അടിയില്‍ പടക്കങ്ങള്‍ കൊണ്ട് ബോംബുണ്ടാക്കി വച്ച് റിമോട്ട് കൊണ്ട് പൊട്ടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍. ഹരിയാനയിലെ ഭിവാനി ജില്ലയിലെ സ്‌കൂളിലാണ് സംഭവം.
അധ്യാപിക കസേരയില്‍ ഇരുന്ന സമയത്താണ് വിദ്യാര്‍ത്ഥികള്‍ റിമോട്ട് ഉപയോഗിച്ച് പടക്ക ബോംബ് പൊട്ടിച്ചത്. കസേരയില്‍ നിന്ന് നിലത്ത് വീണ അധ്യാപികയ്ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു. ക്ലാസ് മുറിയിലെ സ്‌ഫോടനം വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അടക്കം എത്തി അന്വേഷിച്ചപ്പോഴാണ് പ്രതികളെ പിടികൂടിയത്.
സംഭവത്തില്‍ 13 പ്ലസ് ടു വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നടത്തിയ ക്ലാസ് പരീക്ഷയില്‍ വളരെ കുറഞ്ഞ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെ അധ്യാപിക ശകാരിച്ചതില്‍ പ്രതികാരമായായിരുന്നു പടക്ക ബോംബ് സ്‌ഫോടനം. യുട്യൂബില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ പടക്കം ഉപയോഗിച്ച് ബോംബ് ഉണ്ടാക്കുന്നത് പഠിച്ചത്. എന്നാല്‍ അധ്യാപികയെ പ്രാങ്ക് ചെയ്യാന്‍ മാത്രം ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രതികരണം. അധ്യാപികയ്ക്ക് പൊള്ളലേല്‍ക്കുമെന്നും പരിക്കേല്‍ക്കുമെന്നും കരുതിയിരുന്നില്ലെന്നുമാണ് വിദ്യാര്‍ത്ഥികള്‍ സംഭവത്തേക്കുറിച്ച് പറയുന്നത്.
15 പേരുള്ള ക്ലാസിലെ 13 പേരുടേയും അറിവോടെയായിരുന്നു സംഭവമെന്നതാണ് ഞെട്ടിക്കുന്നത്. അധ്യാപിക എത്തുന്നതിന് മുന്‍പായി പടക്ക ബോംബ് കസേരയ്ക്ക് കീഴില്‍ വച്ച ശേഷം അധ്യാപിക സീറ്റിലിരുന്നതോടെ മറ്റൊരു വിദ്യാര്‍ത്ഥി റിമോര്‍ട്ട് ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നു. 13 കുട്ടികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം അധ്യാപകരുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നിട്ടുണ്ട്.