പട്നയിലെ നളന്ദ മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ചികിത്സയിലിരിക്കെ മരിച്ച ഫന്റസ് കുമാറിന്റെ ഇടതുകണ്ണ് കാണാതായതായാണ് പരാതി. ഇയാളുടെ കണ്ണ് എലി കടിച്ചെടുത്തുവെന്നാണ് ആശുപത്രി ജീവനക്കാരുടെ വാദം. ചികിത്സയിലെ അനാസ്ഥ ആരോപിച്ച് ഫന്റസ് കുമാറിന്റെ കുടുംബം ആശുപത്രി വളപ്പില്‍ പ്രതിഷേധിച്ചു.
ബിസിനസിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ കണ്ണ് ചൂഴ്‌ന്നെടുത്തുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
നവംബര്‍ 14നാണ് അജ്ഞാതരുടെ വെടിയേറ്റതിനെ തുടര്‍ന്ന് പട്നയിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ നളന്ദ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ (എന്‍എംസിഎച്ച്) ഫന്റസ് കുമാറിനെ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാത്രി 8:55-ന് മരണം സ്ഥിരീകരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണി വരെ കുടുംബം ആശുപത്രിയില്‍ മൃതദേഹത്തോടൊപ്പമുണ്ടായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇടതു കണ്ണ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
ആശുപത്രിയില്‍ നിന്ന് ആരോ കണ്ണ് നീക്കം ചെയ്തതായി ഇയാളുടെ ഭാര്യാസഹോദരന്‍ പറഞ്ഞു. 'അവര്‍ക്ക് എങ്ങനെയാണ് ഇത്ര അശ്രദ്ധ കാണിക്കാന്‍ കഴിയുന്നത്? ഒന്നുകില്‍ ആശുപത്രിയില്‍ നിന്നുള്ള ആരെങ്കിലും തന്നെ വെടിവെച്ചവരുമായി ഗൂഢാലോചന നടത്തി. അല്ലെങ്കില്‍ ആളുകളുടെ കണ്ണ് ചൂഴ്‌ന്നെടുക്കുന്ന എന്തെങ്കിലും ബിസിനസ്സില്‍ ആശുപത്രി ഏര്‍പ്പെടുന്നുണ്ട്,' അദ്ദേഹം പറഞ്ഞു. മേശയ്ക്ക് സമീപം സര്‍ജിക്കല്‍ ബ്ലേഡ് കണ്ടെത്തിയതായും ബന്ധു ആരോപിച്ചു.
കേസ് അന്വേഷിക്കാന്‍ നാലംഗ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും നളന്ദ ആശുപത്രി സൂപ്രണ്ട് ഡോ വിനോദ് കുമാര്‍ പറഞ്ഞു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.