കലാപം തുടരുന്ന മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ജനപ്രതിനിധികളുടെ വീടുകള്‍ക്കുനേരെയും അക്രമകാരികള്‍ ആക്രമണം നടത്തുകയാണ്. ഇംഫാല്‍ താഴ്വരയിലുള്ള 13 നിയമസഭാംഗങ്ങളുടെ വീടുകളും അക്രമികള്‍ തകര്‍ത്തു. ഇതില്‍ ഒന്‍പത് ബിജെപി എംഎല്‍എമാരും ഉള്‍പ്പടുന്നു.
ഞായറാഴ്ച രാത്രി മുഴുവന്‍ നീണ്ടുനിന്ന ആളക്കൂട്ട ആക്രമണങ്ങള്‍ക്കും തീവെപ്പുകള്‍ക്കും ശേഷമായിരുന്നു സംഭവം. പൊതുമരാമത്ത് മന്ത്രി ഗോവിന്ദാസ് കോന്തൗജം, ബി.ജെ.പി എം.എല്‍.എമാരായ വൈ.രാധേശ്യാം, പവോനം ബ്രൊജെന്‍, കോണ്‍ഗ്രസ് നിയമസഭാംഗം ടി.എച്ച്. ലോകേഷ്വര്‍ എന്നിവരുടെ ഉള്‍പ്പടെ വീടുകളാണ് നശിപ്പിക്കപ്പെട്ടത്. ബി.ജെ.പി എം.എല്‍.എ കോംഖാം റോബിന്‍ദ്രോയെ കാണമെന്ന് ആവശ്യപ്പെട്ടെത്തിയ കലാപകാരികള്‍ അദ്ദേഹത്തിന്റെ വീട് തകര്‍ത്തതായി പോലീസ് അറിയിച്ചു.
അതേസമയം കഴിഞ്ഞ ദിവസങ്ങളിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രി സപം രഞ്ജന്റെ വസതിയിലേക്ക് ജനക്കൂട്ടം ഇരച്ചുകയറി. ഉപഭോക്തൃ-പൊതുവിതരണ മന്ത്രി എല്‍. സുശീന്ദ്രോ സിങ്ങിന്റെ വീട്ടിലും പ്രതിഷേധക്കാര്‍ ഇരച്ചുകയറിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ പ്രക്ഷോഭകര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെ മരുമകന്‍ കൂടിയായ ബിജെപി നിയമസഭാംഗം ആര്‍.കെ. ഇമോയുടെ വസതിക്ക് മുന്നില്‍ തടിച്ചുകൂടി. സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യവും വിളിച്ചു. ജിരിബാമില്‍നിന്ന് സായുധ വിഭാഗക്കാര്‍ തട്ടിക്കൊണ്ടുപോയ ആറുപേരുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയാണ് വീണ്ടും മണിപ്പുര്‍ സംഘര്‍ഷഭരിതമായത്.