മിശ്രവിവാഹങ്ങള്‍ക്കും ജാതി, മതരഹിത വിവാഹങ്ങള്‍ക്കും വേദിയും സംരക്ഷണവും നല്‍കുന്നതിന് തമിഴ്നാട്ടിലെ സിപിഐഎമ്മിന്റെ മുഴുവന്‍ പാര്‍ട്ടി ഓഫീസുകളും തുറന്നുകൊടുക്കുമെന്ന പ്രഖ്യാപനം നടത്തി തമിഴ്നാട് ഘടകം. പാര്‍ട്ടി സംസ്ഥാന സെക്രട്ടി പി ഷണ്‍മുഖനാണ് ഈ പ്രഖ്യാപനം നടത്തിയത്.
സംസ്ഥാനത്ത് ദുരഭിമാനക്കൊലകള്‍ തുടരും മിശ്രവിവാഹിതര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ഔദ്യോഗിക സംവിധാനം ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ഷണ്‍മുഖം പറഞ്ഞു. മനുഷ്യാവകാശ സംഘടനയായ 'എവിഡന്‍സ്' സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുനെല്‍വേലി ജില്ലയില്‍ മാത്രം വര്‍ഷത്തില്‍ 240 ദുരഭിമാനക്കൊല നടക്കുന്നു. ഇത്തരം കൊലപാതകങ്ങള്‍ക്കെതിരെ ജനവികാരം ഉയരുമ്പോള്‍ തന്നെ കൊലയാളികളെ മഹത്വല്‍ക്കരിക്കുന്ന പ്രവണത വര്‍ധിച്ചുവരികയും ചെയ്യുന്നുവെന്ന് ഷണ്‍മുഖം പറഞ്ഞു.
ജാതിമാറി കല്യാണം കഴിച്ചതിന്റെ പേരിലുള്ള ദുരഭിമാനക്കൊലകള്‍ തടയുന്നതിന് പ്രത്യേക നിയമനിര്‍മ്മാണം നടത്തണമെന്ന ആവശ്യം സിപിഐഎം സംസ്ഥാന സെക്രട്ടറി വീണ്ടും ആവര്‍ത്തിച്ചു. നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ തന്നെ ഇതിനുള്ള നിയമനിര്‍മ്മാണം നടത്തണമെന്നും ഷണ്‍മുഖം ആവശ്യപ്പെട്ടു.