ഇന്ത്യ ചൈന ബന്ധം ശക്തമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും തമ്മിലുള്ള ചര്‍ച്ച ഇന്ന്. ഇന്ത്യന്‍ സമയം രാവിലെ ഒമ്പതരയ്ക്കാണ് ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം റഷ്യയിലെ കസാനില്‍ പരസ്പര ബന്ധം മെച്ചപ്പെടുത്താന്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ പുരോഗതി മോദിയും ഷീയും വിലയിരുത്തും. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിശ്വാസം വര്‍ദ്ധിപ്പിക്കാനുള്ള കൂടുതല്‍ നടപടികള്‍ ചര്‍ച്ചയാകും.
അമേരിക്കയുമായുള്ള തീരുവ തര്‍ക്കം തുടരുമ്പോള്‍ ഇന്ത്യ ചൈന വ്യാപാര ബന്ധം ശക്തമാക്കുന്നതിനുള്ള ആലോചനയും നടക്കും. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി കൂട്ടണം എന്ന് നരേന്ദ്ര മോദി നിര്‍ദ്ദേശിക്കും. ചൈനീസ് കമ്പനികള്‍ക്കുള്ള നിയന്ത്രണം നീക്കണമെന്നും ഷി ജിന്‍പിങ് ആവശ്യപ്പെടാനാണ് സാധ്യത. ബ്രിക്‌സ് കൂട്ടായ്മ ശക്തിപ്പെടുത്തുന്നതും ചര്‍ച്ചയാവും. നാല്‍പ്പത്തിയഞ്ച് മിനിറ്റ് നീളുന്ന ഈ ചര്‍ച്ചയില്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിനെക്കുറിച്ചും വ്യാപാര കാര്യങ്ങളെക്കുറിച്ചും അവര്‍ സംസാരിക്കാന്‍ സാധ്യതയുണ്ട്.
ടണല്‍ നിര്‍മ്മാണത്തിനുള്ള യന്ത്രങ്ങള്‍ ഇന്ത്യയിലേക്ക് അയയ്ക്കാന്‍ ചൈന അനുമതി നല്‍കിയേക്കാം. കൂടാതെ, അമേരിക്കന്‍ തീരുവകള്‍ കാരണം ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്നങ്ങള്‍ പോലുള്ള സാധനങ്ങള്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള വഴികളെക്കുറിച്ചും ചര്‍ച്ചയില്‍ വിഷയം ഉയര്‍ന്നുവന്നേക്കാം. ഷാങ്ഹായി സഹകരണ ഉച്ചകോടിയുടെ ഭാഗമായ വിരുന്നില്‍ മോദി ഇന്ന് പങ്കെടുക്കും. നാളെ രാവിലെ മോദി ഉച്ചകോടിയില്‍ സംസാരിക്കും. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി മോദി നാളെ ചര്‍ച്ച നടത്തും.