വോട്ടര്‍ പട്ടിക രണ്ട് വര്‍ഷം കൂടും തോറും പുതുക്കണം ; ബിഹാറില്‍ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായ നിലപാടെടുക്കുമ്പോള്‍ നിലപാട് വ്യക്തമാക്കി ശശി തരൂര്‍
ബിഹാറില്‍ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ പിന്തുണച്ച് ശശി തരൂര്‍ എംപി. വോട്ടര്‍ പട്ടിക രണ്ട് വര്‍ഷം കൂടും തോറും പുതുക്കണമെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. വോട്ട് ഇരട്ടിപ്പ്, മരിച്ചുപോയ വോട്ടര്‍മാര്‍, സ്ഥലം മാറിപ്പോയവര്‍ അടക്കം പട്ടികയില്‍ ഉണ്ടാകും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സുതാര്യമായി വേണം വോട്ടര്‍ പട്ടിക പരിഷ്‌കരിക്കേണ്ടത്. വിശാലമായ കാഴ്ചപ്പാടില്‍ പരിഗണിക്കേണ്ട വിഷയമാണിതെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ബിഹാറില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിനെതിരെ കോണ്‍ഗ്രസ് വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. വ്യാപകമായി വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് ബിജെപിക്ക് അനുകൂലമായ നിലപാട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്നുവെന്നായിരുന്നു ഉയര്‍ന്ന ആരോപണം. ഇതിന് പുറമേ വോട്ടര്‍ പരിഷ്‌കരണത്തിന്റെ മറവില്‍ പൗരത്വ രജിസ്ട്രേഷന്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം നടക്കുന്നതായും കോണ്‍ഗ്രസ് വിമര്‍ശനം ഉയര്‍ത്തിരുന്നു. വോട്ട് മോഷണം അടക്കം ഉയര്‍ത്തി ബിഹാറില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മഹാറാലി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ആര്‍ജെഡി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയായിരുന്നു റാലി സംഘടിപ്പിച്ചത്. ബിഹാറിലെ 20 ജില്ലകളിലൂടെ 1300 കിലോമീറ്ററായിരുന്നു റാലി കടന്നുപോയത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ലാലു പ്രസാദ് യാദവ്, ദീപാന്‍കര്‍ ഭട്ടാചാര്യ അടക്കമുള്ളവര്‍ റാലിക്ക് പിന്തുണയുമായി എത്തിയിരുന്നു. കോണ്‍ഗ്രസ് വിഷയത്തില്‍ ശക്തമായി നിലയുറപ്പിക്കുമ്പോഴാണ് വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തെ പിന്തുണച്ച് ശശി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.