രാഹുല്‍ ഗാന്ധിയുടെ ഹൈഡ്രജന്‍ ബോംബ് വരാണസി തന്നെ, 'വിവര ശേഖരണത്തിന് രാഹുലിന്റെ ടീം വാരാണസിയില്‍ ക്യാമ്പ് ചെയ്തിരുന്നുവെന്ന് സൂചന

രാഹുല്‍ ഗാന്ധിയുടെ ഹൈഡ്രജന്‍ ബോംബ് വരാണസി തന്നെ, 'വിവര ശേഖരണത്തിന് രാഹുലിന്റെ ടീം വാരാണസിയില്‍ ക്യാമ്പ് ചെയ്തിരുന്നുവെന്ന് സൂചന
വോട്ട് ചോരിയില്‍ ഒരു ഹൈഡ്രജന്‍ ബോംബ് വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞത് മുതല്‍ രാജ്യമാകെ വിഷയം ചര്‍ച്ചയാണ്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലാകും രാഹുല്‍ നടത്തുകയെന്ന വിലയിരുത്തലും സൂചനയുമാണ് ആദ്യം മുതലെ പുറത്തുവന്നിരുന്നത്. ഇപ്പോഴിതാ വോട്ട് കൊള്ളയില്‍ രാഹുല്‍ ഗാന്ധി ഉദ്ദേശിക്കുന്ന ഹൈഡ്രജന്‍ ബോംബ് 'വരാണസി' തന്നെയെന്ന സൂചന ആവര്‍ത്തിച്ച് കോണ്‍ഗ്രസ് ഉത്തര്‍ പ്രദേശ് ഘടകം രംഗത്തെത്തിയിരിക്കുകയാണ്. രാഹുല്‍ഗാന്ധിയുടെ ഉന്നം വരാണസി തന്നെയെന്നാണ് കോണ്‍ഗ്രസ് യു പി പി സി സി വ്യക്തമാക്കുന്നത്. വരാണസിയിലെ വോട്ടെണ്ണലില്‍ പോലും ക്രമക്കേട് നടന്നുവെന്നും നേതൃത്വം അഭിപ്രായപ്പെട്ടു.

വരാണസിയിലെ വോട്ടെണ്ണലിന്റെ ആദ്യ പകുതിയില്‍ അജയ് റായിക്ക് പിന്നിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ പിന്നീട് ലീഡ് തിരിച്ചുപിടിച്ച മോദി ഒന്നര ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച് കയറുകയായിരുന്നു. വോട്ടെണ്ണലില്‍ പതിനൊന്ന് മണിക്ക് ശേഷം സംഭവിച്ചത് എന്തെന്നതില്‍ അന്വേഷണം വേണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് യു പി ഘടകം മുന്നോട്ട് വയ്ക്കുന്നത്. വോട്ടെണ്ണല്‍ വിവരങ്ങള്‍ ഒരു ഘട്ടത്തില്‍ പുറത്ത് വരാത്തതില്‍ ദുരൂഹതയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം വിവരങ്ങള്‍ അടങ്ങുന്നതാകും രാഹുല്‍ ഗാന്ധിയുടെ 'ഹൈഡ്രജന്‍ ബോംബ്' എന്നാണ് കോണ്‍ഗ്രസ് യു പി ഘടകം പറയുന്നത്. വിവര ശേഖരണത്തിന് രാഹുലിന്റെ ടീം വാരാണസിയില്‍ ക്യാമ്പ് ചെയ്തിരുന്നുവെന്നും നേതാക്കള്‍ സൂചന നല്‍കിയിട്ടുണ്ട്.

Other News in this category



4malayalees Recommends