ലഡാക്ക് പ്രതിഷേധത്തില്‍ വാങ്ചുക്കിനെ പഴിച്ച് കേന്ദ്രം, പ്രകോപന പ്രസ്താവനകള്‍ പ്രക്ഷോഭത്തിലേക്ക് നയിച്ചു
സംസ്ഥാന പദവി ആവശ്യമുന്നയിച്ച് ലഡാക്കില്‍ കഴിഞ്ഞ ദിവസമുണ്ടായ പ്രക്ഷോഭത്തില്‍ സാമൂഹ്യപ്രവര്‍ത്തകനായ സോനം വാങ്ചുക്കിനെ കുറ്റപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. നിരാഹാര സമരം പിന്‍വലിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടും അത് തുടര്‍ന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ ആരോപണം. അറബ് വസന്തത്തിന്റെ ശൈലിയിലുള്ള പ്രതിഷേധത്തെകുറിച്ചും നേപ്പാളിലെ ജെന്‍ സി പ്രതിഷേധങ്ങളെ കുറിച്ചും പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി ജനങ്ങളെ വാങ്ചുക്ക് തെറ്റിദ്ധരിപ്പിച്ചതായി ആഭ്യന്തരമന്ത്രാലയം പറഞ്ഞു.
സോനം വാങ്ചുക്കിന്റെ പ്രകോപന പ്രസ്താവനകളാണ് ജനക്കൂട്ടത്തെ നയിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രക്ഷോഭകാരികള്‍ പൊലീസ് വാഹനത്തിന് തീയിട്ടു. മുപ്പതോളം പൊലീസുകാര്‍ക്ക് പരിക്കേറ്റു. എന്നാല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍പോലും മുന്‍കൈ എടുക്കാതെ വാങ്ചുക്ക് തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയെന്നും കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു.