ലണ്ടന്‍: കേരളാ ഗവണ്മെന്റിന്റെ പ്രവാസികളുടെ ഉന്നമനത്തിനും, ആവശ്യങ്ങള്‍ക്കും സഹായമായി രൂപം കൊടുത്ത നോര്‍ക്കയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ പ്രൊഫഷണല്‍ ആന്‍ഡ് ബിസിനെസ്സ് ലീഡര്‍ഷിപ്പ് മീറ്റിംഗില്‍ യു കെ യില്‍ നിന്നും ഷൈനു ക്ലെയര്‍ മാത്യൂസും, ഷെഫ് ജോമോനും പങ്കു ചേരും. ആഗോള തലത്തില്‍ ബിസിനെസ്സ് -മാനേജ്‌മെന്റ്- പ്രൊഫഷണല്‍ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നൂറോളം പ്രതിനിധികളാവും മീറ്റിംഗില്‍ പങ്കുചേരുക.
സെപ്തംബര്‍ മാസം 27 ന് കൊച്ചിയില്‍ വെച്ച് നടക്കുന്ന ഗ്ലോബല്‍ മീറ്റിങ്ങില്‍ ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കും
.png)
.
കേരളത്തിലും, യുകെയിലും, ഗള്‍ഫിലും അറിയപ്പെടുന്ന വ്യക്തിത്വമായ ഷൈനു ക്ലെയര്‍ മാത്യൂസ് നിലവില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് - കേരള ചാപ്റ്ററിന്റെ പ്രസിഡന്റാണ്. സമര്‍പ്പിതയായ ഒരു ജീവകാരുണ്യ പ്രവര്‍ത്തകയും യുകെ, ദുബായ്, കേരളം എന്നിവിടങ്ങളില്‍ ഹോട്ടലുകള്‍, നഴ്‌സിംഗ് ഹോമുകള്‍ ഉള്‍പ്പെടെ സംരംഭങ്ങളുള്ള ഒരു ബിസിനസുകാരിയുമാണ് ഷൈനു. തന്റെ മികച്ച പ്രവര്‍ത്തന പരിചയവും, സംരംഭക എന്ന നിലയിലുള്ള അറിവും ക്രോഡീകരിച്ച് ഏറ്റവും മികച്ച പരിചരണവും, സന്തോഷകരവും, മികവുറ്റതുമായ സൗകര്യങ്ങളോടു കൂടിയ വാര്‍ദ്ധക്യ ഭവനങ്ങള്‍ സ്ഥാപിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള പ്രോജക്റ്റ് യോഗത്തില്‍ ഷൈനു അവതരിപ്പിക്കും.
ആഗോളതലത്തില്‍ ശ്രദ്ധേയനായ പാചക വിദഗ്ധന്‍ ഷെഫ് ജോമോന്‍, പാശ്ചാത്യ രുചികളുമായി പരമ്പരാഗത മലയാളി പാചകരീതികളുടെ നൂതനമായ സംയോജനത്തിന് പേരുകേട്ട വ്യക്തിയാണ്. നിരവധി അംഗീകാരങ്ങള്‍ പാചക കലയില്‍ നേടിയിട്ടുള്ള ഷെഫ് ജോമോന്‍, പ്രമുഖരായ
സെലിബ്രിറ്റികള്‍ക്ക് ഭക്ഷണം തയ്യാറാക്കുകയും അവരുടെ അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങിയിട്ടുമുണ്ട്.
കോവന്ററിയിലെ ടിഫിന്‍ ബോക്‌സില്‍ ചീഫ് ഷെഫായ ജോമോന്‍, കേരളത്തിന്റെ ഭക്ഷ്യപൈതൃകം ആഗോളതലത്തില്‍ പ്രോത്സാഹിപ്പിക്കുന്നത്തില്‍ എന്നും ശ്രദ്ധാലുവും കൂടിയാണ്. ഭാവി തലമുറകള്‍ക്ക് മികച്ച ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള ഒരു മാര്‍ഗമായി കേരളത്തിന്റെ പരമ്പരാഗത ഭക്ഷണം, ഭക്ഷ്യ സംസ്‌ക്കാരം എന്നിവ സ്‌കൂള്‍ തലം മുതല്‍ പഠന വിഷയമായി ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യം തന്റെ പ്രോജക്റ്റ് അവതരണത്തില്‍ ഊന്നിപ്പറയും.
നിക്ഷേപം, സംസ്‌കാരം, സാമൂഹിക ഉത്തരവാദിത്തം എന്നിവയെക്കുറിച്ചുള്ള ആഗോള ചര്‍ച്ചകളില്‍ യുകെയുടെ ശക്തമായ സംഭാവനയെ ഈ രണ്ട് വിശിഷ്ട പ്രതിനിധികളുടെ പങ്കാളിത്തം എടുത്തുകാണിക്കുമെന്നതില്‍ സംശയമില്ല.