പ്രശസ്ത അസമീസ് ഗായകനും സംഗീതജ്ഞനുമായ സുബീന്‍ ഗാര്‍ഗിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത നീങ്ങുന്നില്ല. മാനേജരും പരിപാടിയുടെ സംഘാടകനും ചേര്‍ന്ന് സുബീന് വിഷം നല്‍കിയതാവാം എന്ന് സഹപ്രവര്‍ത്തകന്‍ പോലീസിന് മൊഴി നല്‍കിയതോടെ കേസില്‍ വഴിത്തിരിവായി. നിലവില്‍ സുബീന്‍ ഗാര്‍ഗിന്റെ മാനേജര്‍ സിദ്ധാര്‍ത്ഥ് ശര്‍മ്മയ്ക്കും സംഘാടകന്‍ ശ്യാംകാനു മഹന്തയ്ക്കും എതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീതജ്ഞന്‍ ശേഖര്‍ ജ്യോതി ഗോസാമി പോലീസിന് നല്‍കിയ മൊഴിയാണ് കേസില്‍ നിര്‍ണ്ണായകമായത്. സിംഗപ്പൂരില്‍ വെച്ച് സുബീന്റെ മാനേജരും സംഘാടകനും ചേര്‍ന്ന് വിഷം നല്‍കിയതാവാം എന്നാണ് ഗോസാമി മൊഴി നല്‍കിയിരിക്കുന്നത്. സുബിന്റെ മരണത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ സിദ്ധാര്‍ത്ഥ് ശര്‍മ്മയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ, സുബീന്‍ ഗാര്‍ഗിന് നീന്തല്‍ അറിയാമായിരുന്നെന്നും അങ്ങനെയുള്ള സാഹചര്യത്തില്‍ വെള്ളത്തില്‍ മുങ്ങിമരിക്കാന്‍ സാധ്യതയില്ലെന്നും ഗോസാമി പോലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. മരണദിവസം കപ്പല്‍ യാത്ര ചെയ്ത ബോട്ടിന്റെ നിയന്ത്രണം സിദ്ധാര്‍ത്ഥ് നിര്‍ബന്ധപൂര്‍വം കൈക്കലാക്കിയെന്നും ഗോസാമി മൊഴി നല്‍കിയിട്ടുണ്ട്.