ദുര്‍ഗാ വിഗ്രഹ നിമഞ്ജന ഘോഷയാത്രയോടനുബന്ധിച്ച് ഹൈദരാബാദിലെ പള്ളികള്‍ വെള്ളത്തുണി ഉപയോഗിച്ച് മറച്ച് പള്ളി അധികൃതര്‍. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് നടപടിയെന്നാണ് വിശദീകരണം. അഫ്‌സല്‍ഗഞ്ച്, പത്തര്‍ഗട്ടി, സിദ്ദിയാംബര്‍ ബസാര്‍, മൊഅസ്സം ജാഹി മാര്‍ക്കറ്റ് എന്നിവിടങ്ങളില പള്ളികളാണ് മറച്ചത്.
സെപ്റ്റംബറില്‍ ഹൈദരാബാദിലെ ഗണേശ വിഗ്രഹ നിമജ്ജനത്തിന് മുന്നോടിയായും പള്ളികള്‍ മൂടിയിരുന്നു. ഘോഷയാത്ര കടന്നുപോകുന്ന പ്രധാന ഇടങ്ങളിലെല്ലാം സുരക്ഷക്കായി പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു. ഈ വര്‍ഷം പഴയ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏകദേശം 200 വിഗ്രഹങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഘോഷയാത്രയ്ക്കുള്ള പദ്ധതികള്‍ക്ക് ലോക്കല്‍ പൊലീസ് അന്തിമരൂപം നല്‍കി.
ഘോഷയാത്ര റൂട്ടുകളിലെ എല്ലാ പ്രധാന സ്ഥലങ്ങളിലും പൊലീസ് പിക്കറ്റുകള്‍ വിന്യസിച്ചിട്ടുണ്ട്. ഭരണകൂടം പ്രതിരോധ നടപടികളുടെ ഭാഗമായി ഘോഷയാത്ര റൂട്ടുകളിലെ പള്ളികള്‍ തുണികൊണ്ട് മൂടിയിരുന്നു. ഉപ്പുഗുഡ, ലാല്‍ ദര്‍വാസ, ഗൗളിപുര, ഫലക്നുമ , ഛത്രിനക, ചന്ദ്രയങ്കുട്ട എന്നിവിടങ്ങളില്‍ നിന്നാണ് ദുര്‍ഗ്ഗാ വിഗ്രഹങ്ങള്‍ പുറത്തെടുക്കുക. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രാദേശിക പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരുമായി കൂടിക്കാഴ്ചകള്‍ നടത്തുകയും ജാഥയുടെ വഴികള്‍ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്