താലിബാന്‍ മന്ത്രിയാണ്, സ്ത്രീകള്‍ വേണ്ട! അഫ്ഗാന്‍ മന്ത്രിയുടെ ഡല്‍ഹിയിലെ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്; പ്രതിഷേധമുയരുന്നു

താലിബാന്‍ മന്ത്രിയാണ്, സ്ത്രീകള്‍ വേണ്ട! അഫ്ഗാന്‍ മന്ത്രിയുടെ ഡല്‍ഹിയിലെ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്; പ്രതിഷേധമുയരുന്നു
താലിബാന്‍ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുത്താഖിയുടെ വാര്‍ത്താ സമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. അഫ്ഗാന്‍ മന്ത്രിയുടെ ഡല്‍ഹിയിലെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നാണ് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയത്. വാര്‍ത്താ സമ്മേളനത്തില്‍ വിളിക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെ വനിതാ മാധ്യമപ്രവര്‍ത്തകര്‍പ്രതിഷേധം അറിയിച്ചു.

വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയത് സ്ത്രീവിരുദ്ധതയുടെ പരസ്യമായ പ്രകടനമാണെന്നും ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെ അപമാനിച്ചതിന് തുല്യമാണെന്നും വിമര്‍ശനം ഉയര്‍ന്നു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിലക്ക് സംഭവം ഞെട്ടിക്കുന്ന നടപടിയെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എംപിയുമായ പി ചിദംബരം പ്രതികരിച്ചു. പ്രതിഷേധിച്ച് പുരുഷ മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോകണമായിരുന്നുവെന്നും ചിദംബരം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

''നമ്മുടെ രാജ്യത്ത്, അതും നമ്മുടെ മണ്ണില്‍, നമ്മുടെ രാഷ്ട്രത്തോട് വ്യവസ്ഥകള്‍ നിര്‍ദേശിക്കാനും സ്ത്രീകള്‍ക്കെതിരായ വിവേചനപരമായ അജണ്ട അടിച്ചേല്‍പ്പിക്കാനും അവര്‍ ആരാണ്?'' എന്നാണ് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് പ്രതികരിച്ചതിങ്ങനെ- സര്‍ക്കാര്‍ പൂര്‍ണ ഔദ്യോഗിക പ്രോട്ടോക്കോളോടെ താലിബാന്‍ പ്രതിനിധി സംഘത്തിന് ആതിഥേയത്വം വഹിക്കുമ്പോള്‍, താലിബാന്‍ വിദേശകാര്യ മന്ത്രിക്ക് സ്ത്രീകള്‍ക്കെതിരായ നിയമവിരുദ്ധമായ വിവേചനം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അനുവാദം നല്‍കുന്നു എന്നത് അടിയറവ് പറയുന്നതിന് തുല്യമാണെന്ന് മാധ്യമപ്രവര്‍ത്തക സുഹാസിനി ഹൈദര്‍ കുറിച്ചു.

അതേസമയം വനിതകളെ ക്ഷണിക്കാത്തതില്‍ പങ്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. വാര്‍ത്താസമ്മേളനത്തിന് വിളിക്കേണ്ടവരെ തീരുമാനിച്ചത് അഫ്ഗാന്‍ അധികൃതര്‍ എന്നാണ് വിശദീകരണം.അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമിര്‍ ഖാന്‍ മുത്താഖി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്. പുരുഷ മാധ്യമപ്രവര്‍ത്തകരെ മാത്രമാണ് ഈ വാര്‍ത്താ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്.

Other News in this category



4malayalees Recommends