യു കെ യില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കണം- യുക്മ ; കൊച്ചിക്കു പുറമെ തിരുവനന്തരവും കോഴിക്കോടും കൂടി പരിഗണിക്കുവാന്‍ പ്രധാനമന്ത്രി, വ്യോമയാന മന്ത്രി, കേന്ദ്രമന്ത്രി വി മുരളീധരന്‍ എന്നിവര്‍ക്ക് നിവേദനം

യു കെ യില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കണം- യുക്മ ; കൊച്ചിക്കു പുറമെ തിരുവനന്തരവും കോഴിക്കോടും കൂടി പരിഗണിക്കുവാന്‍ പ്രധാനമന്ത്രി, വ്യോമയാന മന്ത്രി, കേന്ദ്രമന്ത്രി  വി മുരളീധരന്‍ എന്നിവര്‍ക്ക് നിവേദനം
വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവന്നിരുന്ന യു കെ യില്‍നിന്നും കേരളത്തിലേക്കുള്ള വിമാന സര്‍വ്വീസ് നിറുത്തലാക്കിയ നടപടി യു കെ മലയാളികളെ ആകെ നിരാശപ്പെടുത്തിയിരിക്കുകയാണ്. കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ അടിയന്തിര ഘട്ടങ്ങളില്‍ എങ്കിലും നാട്ടിലെത്തുവാനുള്ള ഏക ആശ്രയം കൂടി ഇല്ലാതായതിന്റെ ദുഃഖത്തിലാണ് യു കെ മലയാളികള്‍.

വന്ദേഭാരത് മിഷനിലൂടെ തന്നെ വിമാസ സര്‍വ്വീസ് പുഃസ്ഥാപിച്ചുതരണമെന്ന് ആവശ്യപ്പെട്ട് യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി, കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ ഹര്‍ദീപ് സിംഗ് പുരി എന്നിവര്‍ക്കും; കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രി ശ്രീ വി മുരളീധരനും അടിയന്തിര നിവേദനങ്ങള്‍ നല്‍കി. വന്ദേഭാരത് മിഷനിലൂടെ ലണ്ടന്‍ കൊച്ചി വിമാന സര്‍വ്വീസ് അനുവദിച്ചതില്‍ പ്രത്യേക താല്പര്യം എടുത്ത ശ്രീ വി മുരളീധരനുമായി യുക്മ പ്രതിനിധികള്‍ ഈ ദിവസങ്ങളില്‍ നേരിട്ട് ബന്ധപ്പെടുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

താല്‍ക്കാലികമായി നിറുത്തിയിരിക്കുന്ന വന്ദേഭാരത് വിമാന സര്‍വ്വീസുകള്‍ ജനുവരി എട്ടിന് പുനഃരാരംഭിക്കുമ്പോള്‍ അതില്‍ കൊച്ചിയെ ഒഴിവാക്കിയിരിക്കുന്നത് തികച്ചും വേദനാജനകം ആണെന്ന് യുക്മ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് എന്നിവര്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

ലണ്ടനില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ക്കൊപ്പം, തിരുവനന്തപുരത്തിനും കോഴിക്കോടിനും കൂടി സര്‍വ്വീസുകള്‍ ആരംഭിക്കുന്നകാര്യം സജീവമായി പരിഗണിക്കണമെന്ന് യുക്മ ആവശ്യപ്പെട്ടു. വന്ദേഭാരത് മിഷന്റെ ലണ്ടന്‍ കൊച്ചി വിമാന സര്‍വ്വീസുകള്‍, നിറയെ യാത്രികരുമായി വളരെ ലാഭകരമായിട്ടാണ് നടന്നിരുന്നത് എന്നതും കേന്ദ്ര വ്യോമയാന വകുപ്പ് കണക്കിലെടുക്കണമെന്ന് യുക്മയുടെ നിവേദനം ചൂണ്ടിക്കാട്ടി.

കോവിഡ് വ്യാപനത്തിന്റെയും, ലോക്ക്ഡൗണിന്റെയും പ്രത്യേക പശ്ചാത്തലത്തില്‍ നാട്ടിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് മലയാളികള്‍ക്ക് ഏറെ ആശ്വാസകരം ആയിരുന്നു. ഫെബ്രുവരി അവസാനം വരെ നീളുവാന്‍ സാധ്യതയുള്ള ഇംഗ്ലണ്ടിലെ നിലവിലെ ദേശീയ ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ കേരളത്തില്‍നിന്നും ലണ്ടനിലേക്കെന്നപോലെ, രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും മാഞ്ചസ്റ്ററിലേക്കും, ബര്‍മിംഗ്ഹാമിലേക്കും കൂടി വിമാന സര്‍വ്വീസുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് യുക്മ നിവേദനം അഭ്യര്‍ത്ഥിച്ചു. നിയന്ത്രിതമായ യാത്രാ വിലക്കുകള്‍ നിലനില്‍ക്കുന്നതിനാല്‍, ഹീത്രോ വിമാനത്താവളത്തില്‍നിന്നും യു കെ യുടെ വടക്കന്‍ മേഖലകളിലേക്ക് എത്തിച്ചേരുവാന്‍ ടാക്‌സി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പരിമിതങ്ങള്‍ ആയ സാഹചര്യം കൂടി കണക്കിലെടുത്താണിത്.

മെയ് 19 ന് ആയിരുന്നു വന്ദേഭാരത് മിഷന്റെ ആദ്യ വിമാനം ലണ്ടനില്‍നിന്നും കൊച്ചിയിലേക്ക് പറന്നത്. ഇതിനായി യുക്മ നടത്തിയ പരിശ്രമങ്ങളെപ്പറ്റി കേന്ദ്രമന്ത്രി ശ്രീ വി മുരളീധരന്‍ തന്റെ പത്രസമ്മേളനത്തില്‍ അന്ന് പ്രത്യേകം പരാമര്‍ശിച്ചിരുന്നു.


Sajish Tom

Other News in this category



4malayalees Recommends