ആംആദ്മി മന്ത്രി ജയിലില്‍ കഴിയുന്നത് ചട്ടം ലംഘിച്ചുള്ള ആഡംബരത്തില്‍ ; അന്വേഷണ റിപ്പോര്‍ട്ടിങ്ങനെ

ആംആദ്മി മന്ത്രി ജയിലില്‍ കഴിയുന്നത് ചട്ടം ലംഘിച്ചുള്ള ആഡംബരത്തില്‍ ; അന്വേഷണ റിപ്പോര്‍ട്ടിങ്ങനെ
ആംആദ്മി മന്ത്രി സത്യന്ദേര്‍ ജെയിന്‍ ജയിലില്‍ കഴിയുന്നത് ചട്ടങ്ങള്‍ ലംഘിച്ചുള്ള വിവിഐപി പരിഗണനയിലെന്ന് പ്രത്യേക അന്വേഷണ സമിതി റിപ്പോര്‍ട്ട്. ജയിലിലെ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചതായും സമിതി കണ്ടെത്തി. ഡല്‍ഹി സര്‍ക്കാരിന്റെ ആഭ്യന്തര, നിയമ, വിജിലന്‍സ് വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെട്ട സംഘമാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. മന്ത്രിയുടെ ഔദ്യോഗിക പദവിയും സ്ഥാനവും ദുരുപയോഗം ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്.

പോക്‌സോ കേസ് പ്രതിയായ റിങ്കു, അഫ്‌സര്‍ അലി, മനീഷ് സോനു സിംഗ്, ദിലിപ് കുമാര്‍ എന്നിവരും ജയില്‍ സൂപ്രണ്ട്, ജയില്‍ വാര്‍ഡന്‍ തുടങ്ങിയ ജയില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘവുമാണ് മന്ത്രിയ്ക്ക് ജയിലില്‍ പ്രത്യേക സേവനങ്ങള്‍ നല്‍കിയത്.മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി. മസാജും മറ്റ് സേവനങ്ങളും ചെയ്ത് നല്‍കിയത് ഭയത്തിന്റെ പുറത്താണെന്നും മന്ത്രി പറയുന്നത് അനുസരിച്ചില്ലെങ്കില്‍ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും സഹതടവുകാര്‍ പറഞ്ഞു.

ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് ജെയിന്റെ സെല്ലില്‍ സന്ദര്‍ശന സമയത്തിന് പുറമേ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ജെയിന്റെ ഭാര്യ നിരന്തരം ജയിലില്‍ എത്തി മന്ത്രിയുമായി സംസാരിച്ചിരുന്നു.ജയില്‍ ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയലുമായി 50 മിനിറ്റോളം സംസാരിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ജയില്‍ അധികൃതരുടെ അറിവോടെയാണ് കൂടിക്കാഴ്ചകള്‍ നടന്നിരുന്നതെന്നതിന് ഉദാഹരണമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Other News in this category4malayalees Recommends