റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി രൂപ ; ആദായ നികുതി പരിധിയില്‍ ഇളവ് ; ഏഴു ലക്ഷം വരെ നികുതി നല്‍കേണ്ട

റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി രൂപ ; ആദായ നികുതി പരിധിയില്‍ ഇളവ് ; ഏഴു ലക്ഷം വരെ നികുതി നല്‍കേണ്ട
ജനപ്രിയ പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍.തടവിലുള്ള പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പിഴ തുക , ജാമ്യ തുക എന്നിവക്ക് സര്‍ക്കാര്‍ സഹായം നല്‍കും.

ഒരു വര്‍ഷത്തേക്ക് കൂടി സംസ്ഥാനങ്ങള്‍ക്ക് പലിശരഹിത വായ്പ അനുവദിക്കും. 50 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്പയാണിത്. രാജ്യത്ത് മൂലധന നിക്ഷേപം കൂടിയെന്ന് കേന്ദ്ര ബജറ്റ് 2023 അവതരണത്തില്‍ ധനമന്ത്രി പറഞ്ഞു. ജിഡിപി യുടെ 3. 3% ശതമാനം വര്‍ധനവുണ്ടായി. 201920 കാലഘട്ടത്തേക്കാള്‍ മൂന്നിരട്ടിയാണ് ഈ വര്‍ധന.

രാജ്യത്ത് 5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷന്‍ വികസനത്തിനായി 100 ലാബുകള്‍ സ്ഥാപിക്കും.ഇ കോര്‍ട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. പാന്‍ കാര്‍ഡ് – തിരിച്ചറിയല്‍ കാര്‍ഡ് ആയി അംഗികരിക്കും. കെ വൈ സി ലളിത വത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

ചെറുകിട സൂക്ഷ്മ സ്ഥാപനങ്ങള്‍ക്കും, ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും രേഖകള്‍ സൂക്ഷിക്കാനും കൈമാറാനും ഡിജി ലോക്കറില്‍ സൗകര്യമൊരുക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മ്മിത ബുദ്ധി) ഗവേഷണത്തിനായി മൂന്ന് കേന്ദ്രങ്ങള്‍. നാഷണല്‍ ഡാറ്റാ ഗവേണന്‍സ് പോളിസി കൊണ്ടു വരും. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിക്കുമെന്നും അതിന് പ്രോത്സാഹനം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഖര, ദ്രവ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് മിഷന്‍ കര്‍മ്മയോഗി പദ്ധതി നടപ്പാക്കും. ഇതിലൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത കൂട്ടാന്‍ കഴിയുമെന്നും ധനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ റെയില്‍വെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചു. 2013- 14 കാലത്തേക്കാള്‍ 9 ഇരട്ടി കൂടുതലാണിത്. എക്കാലത്തെയും ഉയര്‍ന്ന വിഹിതമാണെന്നും ബജറ്റ് പ്രസംഗത്തില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു.

കോസ്റ്റല്‍ഷിപ്പിംഗ് പ്രോത്സാഹിപ്പിക്കും. പഴയ വാഹനങ്ങള്‍ മാറ്റുന്നതിന് സഹായം നല്‍കും. സംസ്ഥാനങ്ങളിലെ വാഹനങ്ങളും ആംബുലന്‍സുകളും മാറ്റുന്നതിന് സഹായം നല്‍കും. നൈപുണ്യ വികസനത്തിന് പ്രധാനമന്ത്രി കൗശല്‍ വികസന യോജന ആരംഭിക്കും. പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പ് വരുത്തും.

വിനോദ സഞ്ചാര മേഖലയില്‍ 50 കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്ത് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. പ്രാദേശിക ടൂറിസം വികസനത്തിനായി ' ദേഖോ അപ്നാ ദേശ് ' തുടരും. അടുത്ത മൂന്ന് വര്‍ഷത്തിനകം ഒരു കോടി കര്‍ഷകര്‍ക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങള്‍ നല്‍കും, പതിനായിരം ബയോ ഇന്‍പുട് റിസോഴ്‌സ് സെന്ററുകള്‍ രാജ്യത്താകെ തുടങ്ങും.

കണ്ടല്‍ കാട് സംരക്ഷത്തിനായി മിഷ്ടി പദ്ധതി തുടങ്ങും. 10,000 ബയോ ഇന്‍പുട്ട് റിസേര്‍ച്ച് സെന്റര്‍ സ്ഥാപിക്കും. തണ്ണീര്‍ത്തട വികസനത്തിന് അമൃത് ദരോഹര്‍ പദ്ധതി ആരംഭിക്കും. ഹരിതോര്‍ജ്ജ വികസനം ലക്ഷ്യമിട്ട് ഗ്രീന്‍ ഹൈഡ്രജന്‍ മിഷന് 19700 കോടി നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

പുനരുപയോഗ ഊര്‍ജം പദ്ധതികള്‍ക്കായി ലഡാക്കിന് 8300 കോടി നീക്കിവെച്ചു. 20700 കോടി നിക്ഷേപം കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി പിഎം പ്രണാം പദ്ധതി ആരംഭിക്കും.

ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിന് മൂന്ന് വര്‍ഷത്തേക്ക് പതിനയ്യായിരം കോടി രൂപ മാറ്റിവയ്ക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കും. ഏകലവ്യ സ്‌കൂളുകള്‍ കൂടുതല്‍ സ്ഥാപിക്കും. 38800 അധ്യാപികരെ നിയമിക്കും.

മത്സ്യ മേഖലയ്ക്ക് വികസനത്തിന് 6000 കോടി രൂപ നീക്കി വെക്കും. സഹകരണ സ്ഥാപനങ്ങള്‍ക്കായി ഡാറ്റാ ബേസ് സ്ഥാപിക്കും. ഇതിനായുള്ള മാപ്പിങ് പുരോഗമിക്കുന്നു. നിലവിലെ 157 മെഡിക്കല്‍ കോളേജുകള്‍ക്ക് അനുബന്ധമായി 157 നഴ്‌സിങ് കോളേജുകളും സ്ഥാപിക്കും. അരിവാള്‍ രോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യും.

ആരോഗ്യമേഖലയിലെ ഗവേഷണം വിപുലമാക്കും. കുട്ടികള്‍ക്കും, കൗമാരക്കാര്‍ക്കുമായി നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കും. ലൈബ്രറികള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും. പഞ്ചായത്ത് വാര്‍ഡ് തലത്തിലും സഹായം നല്‍കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

Other News in this category



4malayalees Recommends