വളര്‍ത്തുമകളെ മകന്‍ വിവാഹം ചെയ്തു; പിന്നാലെ ഇരുവര്‍ക്കും വേറെ പ്രണയം; ക്രിസ്റ്റലിനെ കൊലപ്പെടുത്തി ഹോട്ടലില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ്

വളര്‍ത്തുമകളെ മകന്‍ വിവാഹം ചെയ്തു; പിന്നാലെ ഇരുവര്‍ക്കും വേറെ പ്രണയം; ക്രിസ്റ്റലിനെ കൊലപ്പെടുത്തി ഹോട്ടലില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ്
നേപ്പാള്‍ സ്വദേശിയായ ക്രിസ്റ്റല്‍ ലൊഹാനിയെ കൊലപ്പെടുത്തി ഹോട്ടലില്‍ ഉപേക്ഷിച്ച സംഭവത്തിലെ പ്രതിയും ക്രിസ്റ്റലിന്റെ ഭര്‍ത്താവുമായ ആഷിഷ് ലൊഹാനി പിടിയില്‍. 22കാരിയായ ക്രിസ്റ്റലിനെ മാര്‍ച്ച് പത്തിനാണ് ചണ്ഡിഗഡിലെ ഐടി പാര്‍ക്കിലെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം.സംഭവത്തിന് പിന്നാലെ കടന്നുകളഞ്ഞ ആഷിഷ് ലൊഹാനിയെ മോഹാലി അതിര്‍ത്തിയിലെ സിരി മന്തയില്‍ വച്ചാണ് പോലീസ് പിടികൂടിയത്. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

ആറ് ദിവസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ക്രിസ്റ്റലിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ഒടുവില്‍ നേപ്പാളില്‍ നിന്നും വളര്‍ത്തച്ഛന്‍ എത്തുകയായിരുന്നു. ഏറെ ദിവസമായി മൃതദേഹം ഏറ്റെടുക്കാനാളില്ലാതെ മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടി വന്നതോടെ പോലീസും അനിശ്ചിതത്വത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം വളര്‍ത്തച്ഛന്‍ ജയ്‌റാം ലൊഹാനി നഗരത്തിലെ ജിഎംഎസ്എച്ച് ആശുപത്രിയില്‍ എത്തി മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു.

ജയ്‌റാമിന്റെ വളര്‍ത്തുമകളാണ് ക്രിസ്റ്റല്‍. ഇയാളുട യഥാര്‍ഥ മകനാണ് ആഷിഷ് ലൊഹനി. നേപ്പാളിലെ നവല്‍പരാസി ജില്ലയില്‍ വസ്ത്രവ്യാപാരിയായ ജയ്‌റാം 14 വയസ്സുള്ളപ്പോഴാണ് ക്രിസ്റ്റലിനെ വീട്ടിലേക്ക് മകളായി കൊണ്ടുവന്നത്.

എന്നാല്‍ ഒരേ വീട്ടില്‍ താമസിച്ചുവരികയായിരുന്ന ജയ്‌റാമിന്റെ മകന്‍ ആഷിഷും ക്രിസ്റ്റലും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നു. വീട്ടുകാര്‍ ബന്ധം എതിര്‍ത്തതോടെ ഇരുവരും രഹസ്യമായി വിവാഹം ചെയ്ത് വീട്ടില്‍ തന്നെ താമസിച്ചു. പിന്നീട് ജോലി തേടി ഇരുവരും ഇന്ത്യയിലെത്തി. പഞ്ചാബിലെ ഒരു നിശാ ക്ലബില്‍ ജോലി ശരിയായ ആഷിഷ് ക്രിസ്റ്റലിന് ഒരു സ്പായിലും ജോലി കണ്ടെത്തി നല്‍കിയിരുന്നു.

പിന്നീട് കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ആഷിഷ് മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയബന്ധത്തിലായി. ഇതറിഞ്ഞതോടെ ക്രിസ്റ്റല്‍ വഴക്കിട്ടെങ്കിലും ആഷിഷ് പിന്മാറിയില്ല. പിന്നീട് ഈ പെണ്‍കുട്ടിയുമായി നേപ്പാളിലേക്ക് കടക്കാന്‍ ആഷിഷ് ശ്രമിച്ചെങ്കിലും അതിര്‍ത്തിയില്‍ വെച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ എത്തി ഇരുവരേയും പിടികൂടി പെണ്‍കുട്ടിയെ തിരികെ കൊണ്ടുപോയി.

പിന്നീട് തിരിച്ചെത്തിയ ആഷിഷ് ക്രിസ്റ്റലുമായി അടുക്കാന്‍ ശ്രമിച്ചെങ്കിലും ക്രിസ്റ്റല്‍ അകന്നുപോവുകയായിരുന്നു. ഇതിനിടെ ക്രിസ്റ്റല്‍ മറ്റൊരാളുമായി അടുപ്പത്തിലായത് ആഷിഷ് തിരിച്ചറിഞ്ഞു. ഇതോടെ ക്രിസ്റ്റലിനോട് പക തോന്നുകയും ഹോട്ടലിലേക്ക് സംസാരിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തുകയുമായിരുന്നു. ഇവിടെ വെച്ചാണ് യുവതിയുടെ കഴുത്തറുത്ത് കൊലപാതകം നടത്തിയത്.

ചോദ്യംചെയ്യലില്‍ കൊലപാതകത്തിനായി തന്നെയാണ് ക്രിസ്റ്റിലിനെ വിളിച്ചുവരുത്തിയതെന്ന് ആഷിഷ് സമ്മതിച്ചിട്ടുണ്ട്. ഇതിനായി ആയുധവും കരുതിയിരുന്നെന്നും ഇയാള്‍ മൊഴി നല്‍കി.

Other News in this category4malayalees Recommends