ആകര്‍ഷകമായ ഓഫറുകളും നല്‍കി ഉപഭോക്താക്കളെ നോട്ടമിടുന്ന ഫുഡ് ഡെലിവറി ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ അല്‍പം ജാഗ്രത വേണം. ഡല്‍ഹിയില്‍ നിന്ന് വരുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ആശങ്ക ഉയര്‍ത്തുന്നത്. ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ഡല്‍ഹിയില്‍ നിന്നുള്ള ഒരു യുവതിയ്ക്ക് ഒരു ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. 'ഒരു താലി (ഭക്ഷണ പ്ലേറ്റ്) വാങ്ങിയാല്‍ മറ്റൊന്ന് സൗജന്യമായി നേടാം' എന്ന മോഹന ഭക്ഷണ വാഗ്ദാനത്തില്‍ പെട്ടാണ് യുവതി സൈബര്‍ തട്ടിപ്പിന് ഇരയായത്.
സവിത ശര്‍മ്മ എന്ന 40 കാരിയായ യുവതി ഫേസ്ബുക്കില്‍ കണ്ട സൗജന്യ ഭക്ഷണ വിതരണ ഓഫറില്‍ ക്ലിക്ക് ചെയ്യുകയായിരുന്നു.വെബ്‌സൈറ്റ് ലിങ്ക് സന്ദര്‍ശിക്കുകയും കൂടുതല്‍ അന്വേഷിക്കാന്‍ ഒരു ഫോണ്‍ കോള്‍ ചെയ്യുകയും ചെയ്തു.
ആദ്യ കോളില്‍ പ്രതികരണം ലഭിച്ചില്ല. അല്‍പ സമയത്തിന് ശേഷം തിരിച്ചുവിളിക്കുകയും ജനപ്രിയ റെസ്റ്റോറന്റ് സാഗര്‍ രത്‌നയില്‍ ഓഫര്‍ ലഭിക്കുന്നതിന് ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കോളര്‍ ആവശ്യപ്പെടുകയും ചെയ്തു. അതു പ്രകാരം ഓഫര്‍ ക്ലെയിം ചെയ്യാന്‍ അവര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തു.
വിളിച്ചയാള്‍ നല്‍കിയ ഐഡിയും പാസ്‌വേഡും നല്‍കിയയുടന്‍ അവളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഹാക്ക് ചെയ്യുകയും മൂന്ന് തവണയായി ഒരു ലക്ഷം രൂപയോളം അക്കൗണ്ടില്‍ നിന്ന് പോകുകയും ചെയ്തു. തട്ടിപ്പുകാരന്‍ ആദ്യം തന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പേടിഎമ്മിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും പിന്നീട് അത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തുവെന്ന് യുവതി വെളിപ്പെടുത്തി.
ഉടന്‍ തന്നെ ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്ത സവിത ശര്‍മ്മ തുടര്‍ന്ന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി പൊലീസില്‍ പരാതി നല്‍കി. അടുത്തയിടയായി നിരവധി പേര്‍ ഇത്തരം തട്ടിപ്പുകളില്‍ ഇരയാകുന്നുണ്ടെന്നും വ്യക്തമായി അറിയാത്ത ഒരു ലിങ്കിലോ ആപ്പിലോ ക്ലിക്ക് ചെയ്യരുത്' എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.