അവനെ തൂക്കി കൊല്ലണം , 12 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ വധശിക്ഷ നല്‍കണമെന്ന് പ്രതിയുടെ പിതാവ്

അവനെ തൂക്കി കൊല്ലണം , 12 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ വധശിക്ഷ നല്‍കണമെന്ന് പ്രതിയുടെ പിതാവ്
ഉജ്ജയിന്‍ ബലാത്സംഗ കേസില്‍ അറസ്റ്റിലായ ഓട്ടോ ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ വധശിക്ഷ നല്‍കണമെന്ന് പ്രതിയുടെ പിതാവ്. ബലാത്സംഗത്തിനിരയായി ചോരയൊലിക്കുന്ന നിലയില്‍ ഉടുവസ്ത്രമില്ലാതെ 12കാരി സഹായത്തിനായി റോഡിലൂടെ അലഞ്ഞ സിസിടിവി ദൃശ്യം നേരത്തെ പുറത്തുവന്നിരുന്നു. പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി ഡ്രൈവര്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

'ഇങ്ങനെയുള്ള ഒരാള്‍ക്ക് വേറെ എന്ത് ശിക്ഷയാണ് കൊടുക്കാന്‍ കഴിയുക? അത്തരക്കാരെ തൂക്കിലേറ്റിയാല്‍ മാത്രമേ മാതൃകയാവൂ. അത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ അങ്ങനെ ചെയ്യണം. അതെന്റെ മകനായാലും ശരി, മറ്റാരായാലും ശരി. ഇത്തരക്കാര്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ല. സംഭവം നടന്ന ശേഷവും അവന്‍ വീട്ടില്‍ വന്നിരുന്നു. പക്ഷേ അവന്‍ ഈ കുറ്റം ചെയ്തത് ഞാനറിഞ്ഞിരുന്നില്ല. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ എന്റെ മകനെ വെടിവെച്ചേനെ' അറസ്റ്റിലായ ഭരത് സോണിയുടെ പിതാവ് രാജു സോണി കണ്ണീരോടെ പറഞ്ഞു.

'ചൊവ്വാഴ്ച പോലും ഉജ്ജയിന്‍ സംഭവം എത്ര ഭീകരമാണെന്ന് ഞങ്ങള്‍ വീട്ടില്‍ സംസാരിച്ചിരുന്നു. എവിടെയാണ് സംഭവം നടന്നതെന്ന് അവന്‍ ചോദിച്ചു. അതിനുശേഷം പതിവുപോലെ ജോലിക്ക് പോയി. ഞാന്‍ ഒന്നും അറിഞ്ഞിരുന്നില്ല. അവനെ പൊലീസ് പിടികൂടിയതിന് ശേഷമാണ് എന്റെ മകനാണ് പ്രതിയെന്ന് ഞങ്ങള്‍ക്ക് മനസ്സിലായത്' രാജു സോണി പറഞ്ഞു.

ഭരതിന്റെ ഓട്ടോയില്‍ രക്തക്കറ കണ്ടെത്തിയിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്. പോക്‌സോ കോടതി ഭരതിനെ ഒരാഴ്ചത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

Other News in this category4malayalees Recommends