ഭര്‍ത്താവ് കാമുകിയെ തേടി യുക്രൈനിലേക്ക് പോയെന്ന വിവരം അറിഞ്ഞ ഭാര്യ ആത്മഹത്യ ചെയ്തു. ഭാര്യയുടെ മരണവിവരം അറിഞ്ഞ് മുംബൈയില്‍ തിരിച്ചെത്തിയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
മുംബൈ കല്യാണില്‍ താമസിക്കുന്ന 25കാരി കാജള്‍ ആണ് ജീവനൊടുക്കിയത്. ഇവരുടെ ഭര്‍ത്താവ് പ്രമുഖ ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരനായ നിതീഷ് നായരെ(26) പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യപ്രേരണകുറ്റം ചുമത്തിയാണ് നിതീഷിനെ അറസ്റ്റ് ചെയ്തത്. നിതീഷ് നേരത്തെ യുക്രൈനില്‍ ജോലി ചെയ്യുന്നതിനിടെ യുവതിയുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് കാജളിന്റെ കുടുംബം ആരോപിക്കുന്നത്.
കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ് നിതീഷിന് വിദേശവനിതയുമായി ബന്ധമുള്ള വിവരം കാജള്‍ അറിയുന്നത്. ഇരുവരും തമ്മിലുള്ള ഫോട്ടോകളും വീഡിയോയും മൊബൈല്‍ ഫോണില്‍ കണ്ടതോടെയാണ് ബന്ധം കാജള്‍ അറിഞ്ഞത്. ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്നും ഇനി ജോലിയുടെ ഭാഗമായി യുക്രൈനിലേക്ക് പോകരുതെന്നും കാജള്‍ നിതീഷിനോട് ആവശ്യപ്പെട്ടുിരുന്നു.
എന്നാല്‍ നവംബര്‍ എട്ടിന് ഓഫീസിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ നിതീഷ് യുക്രൈനിലേക്ക് പോകുകയായിരുന്നുവെന്ന് കാജളിന്റെ പിതാവ് സുരേന്ദ്ര സാവന്ദ് പൊലീസിനോട് പറഞ്ഞു. തിരികെ നാട്ടിലേക്കില്ലെന്ന് നിതീഷ് കാജളിനെ അറിയിച്ചു. ഇത് അമ്മയോട് പറഞ്ഞ ശേഷമാണ് കാജള്‍ വീടിനകത്ത് തൂങ്ങിമരിച്ചത്. ആത്മഹത്യ ചെയ്യുമെന്ന സൂചനയില്‍ കാജള്‍ അടുത്ത സുഹൃത്തുക്കള്‍ക്കും മെസേജ് അയച്ചിരുന്നു.