തുരങ്കത്തില്‍ നിന്ന് മകന്‍ രക്ഷപ്പെട്ട് എത്തിയ വാര്‍ത്തയ്ക്ക് കാത്തുനില്‍ക്കാതെ പിതാവ് മരണത്തിന് കീഴടങ്ങി ; കണ്ണീരില്‍ യുവാവ്

തുരങ്കത്തില്‍ നിന്ന് മകന്‍ രക്ഷപ്പെട്ട് എത്തിയ വാര്‍ത്തയ്ക്ക് കാത്തുനില്‍ക്കാതെ പിതാവ് മരണത്തിന് കീഴടങ്ങി ; കണ്ണീരില്‍ യുവാവ്
സില്‍കാര തുരങ്കത്തില്‍ അകപ്പെട്ട 41 തൊഴിലാളികളെയും സുരക്ഷിതമായി പുറത്തെത്തിച്ച സന്തോഷത്തിലാണ് രാജ്യം. ഈ വലിയ സന്തോഷത്തിനിടയിലും ജാര്‍ഖണ്ഡില്‍ നിന്നുള്ള തൊഴിലാളിയായ ഭക്തു മുര്‍മുവിന് കണ്ണീരാണ് വിധി കാത്തുവെച്ചത്. ഭക്തു തുരങ്കത്തില്‍ നിന്നും പുറത്തെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പിതാവ് ബാസേത് മുര്‍മു മരണത്തിന് കീഴടങ്ങി.

ജാര്‍ഖണ്ഡിലെ ഈസ്റ്റ് സിങ്ബും ജില്ലയിലെ ബഹ്ദ ഗ്രാമത്തിലാണ് ബാസേത് മുര്‍മുവും കുടുംബവുംതാമസിച്ചിരുന്നത്. മകന്‍ തുരങ്കത്തില്‍ അകപ്പെട്ടുവെന്ന വിവരം അറിഞ്ഞതുമുതല്‍ ബാസേത് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

16 ദിവസവും മകന്‍ പുറത്തെത്തുന്നത് കാത്തിരുന്ന പിതാവിന്റെ വിയോഗം കേട്ടറിഞ്ഞവര്‍ക്കും നൊമ്പരമായി. തുരങ്കത്തില്‍ കുടുങ്ങിയ ഭക്തു തിരികെ വരുന്നത് അറിയാതെയാണ് ആ പിതാവ് യാത്രയായത്. 29കാരനാണ് ഭക്തു മുര്‍മു.

തുരങ്കത്തില്‍ കുടുങ്ങിയ ഭക്തുവിന്റെ രക്ഷയെ കുറിച്ച് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകള്‍ വരാതായതോടെ ഓരോ ദിവസം കഴിയുംതോറും ബാസേതിന്റെ ആരോഗ്യനില മോശമാവുകയായിരുന്നു. ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

'നവംബര്‍ 12 മുതല്‍ അദ്ദേഹം മാനസികമായി തളര്‍ന്നിരുന്നു. ചൊവ്വാഴ്ച രാവിലെയോടെ കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിച്ചു' ബാസേതിന്റെ മരുമകന്‍ തക്കര്‍ ഹന്‍സ്ഡ പറഞ്ഞു.




Other News in this category



4malayalees Recommends