അലിഗഢില്‍ പൊലീസ് സ്‌റ്റേഷനില്‍ സ്ത്രീക്ക് വെടിയേറ്റു. പാസ്‌പോര്‍ട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എത്തിയ ഇസ്രത്തിനാണ് തലക്ക് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.50ഓടെയാണ് അപകടം ഉണ്ടായത്. ഇന്‍സ്‌പെക്ടര്‍ മനോജ് ശര്‍മ്മയുടെ തോക്കില്‍ നിന്നാണ് വെടി പൊട്ടിയത്.
വെടിവെച്ച ഇന്‍സ്‌പെക്ടര്‍ മനോജ് ശര്‍മ്മ ഒളിവിലാണ്. തന്റെ ഊഴത്തിനായി കാത്തുനില്‍ക്കുന്നതിനിടെ തൊട്ടടുത്ത് നിന്ന ഇന്‍സ്‌പെക്ടറുടെ തോക്കില്‍ നിന്നും വെടി പൊട്ടുകയായിരുന്നു. വെടിയേറ്റ ഉടന്‍ ഇസ്രത്ത് തറയിലേക്ക് വീണു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. ഇന്‍സ്‌പെക്ടര്‍ മനോജ് ശര്‍മ്മയെ സസ്‌പെന്‍ഡ് ചെയ്ത് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഫീല്‍ഡ് യൂണിറ്റ് പരിശോധിച്ചുവരികയാണെന്നും പൊലീസുകാരനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ തര്‍ക്കത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥന്‍ വെടിവെച്ചതെന്ന ആരോപണവുമായി വീട്ടുകാര്‍ രംഗത്തെത്തി. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പണത്തിനായി യുവതിയെ ബുദ്ധിമുട്ടിച്ചിരുന്നതായും കുടുംബം ആരോപിച്ചു. സൗദി അറേബ്യയിലേക്ക് ഉംറക്ക് പോകാനാണ് ഇസ്രത്ത് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്.