മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യുകയും പാര്‍ട്ടിയുടെ വിജയം ആഘോഷിക്കുകയും ചെയ്തതിന് ഭര്‍തൃസഹോദരന്‍ മര്‍ദിച്ചതായി 30 കാരിയായ മുസ്ലീം യുവതിയുടെ പരാതി. സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ യുവതിയെ സന്ദര്‍ശിച്ചു. ശനിയാഴ്ച ചൗഹാന്‍ യുവതിയെ ഭോപ്പാലിലെ തന്റെ വസതിയിലേക്ക് ക്ഷണിച്ചു.
പരാതിക്കാരിയായ സമീനബിയുടെ ഭര്‍ത്താവിന്റെ ഇളയ സഹോദരന്‍ ജാവീദ് തന്നെ മര്‍ദ്ദിച്ചതെന്ന് യുവതി ആരോപിച്ചു. കര്‍ശന നടപടി ആവശ്യപ്പെട്ട് യുവതിയും പിതാവും സെഹോര്‍ കളക്ടറുടെ ഓഫീസ് സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെ പ്രതി ജാവീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവരാജ് സിങ് ചൗഹാന്റെ മണ്ഡലമാണ് സെഹോര്‍.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന സമയത്താണ് ജാവീദ് സമീനയെ മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയില്‍ ജാവീദിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
'ലാഡ്‌ലി ബെഹ്‌ന യോജന' ഉള്‍പ്പെടെ സര്‍ക്കാരിന്റെ എല്ലാ പദ്ധതികളുടെയും ഗുണഭോക്താവായതിനാലാണ് താന്‍ ബിജെപിക്ക് വോട്ട് ചെയ്തതെന്ന് യുവതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തെ 1.31 കോടി സ്ത്രീകള്‍ക്ക് ഈ പദ്ധതി പ്രകാരം പ്രതിമാസം 1,250 രൂപ ധനസഹായം ലഭിക്കുന്നു. വോട്ട് രേഖപ്പെടുത്തിയതിലൂടെ നിങ്ങള്‍ നിങ്ങളുടെ അവകാശം വിനിയോഗിച്ചു. ഭരണഘടന പ്രകാരം എല്ലാവര്‍ക്കും വോട്ടവകാശമുണ്ട്. ജനങ്ങള്‍ക്ക് നല്ലത് ചെയ്യുന്നവര്‍ക്കാണ് വോട്ട്. അത് ഒട്ടും തെറ്റല്ല. അതിന്റെ പേരില്‍ നിങ്ങള്‍ ആക്രമിക്കപ്പെട്ടെങ്കില്‍ നിങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് ചൗഹാന്‍ യുവതിയോട് പറഞ്ഞു.